‘സങ്കീർത്തന ധ്യാനം’ – 43
പാ. കെ. സി. തോമസ്
‘യഹോവയുടെ നാമത്തെ കീർത്തിക്കും’, സങ്കീ : 20:7
ചിലർ രഥങ്ങളിലും കുതിരകളിലും ആശ്രയിച്ചപ്പോൾ ദാവീദും കൂടെയുള്ളവരും രഥങ്ങളിലും കുതിരകളിലും ആശ്രയിച്ചില്ലായെന്ന് മാത്രമല്ല യഹോവയുടെ നാമത്തെ കീർത്തിച്ചു. രഥങ്ങളിലും കുതിരകളിലും ആശ്രയിച്ചവർ കുനിഞ്ഞ് വീണ് പോയ കാഴ്ച കണ്ടപ്പോഴാരായിരിക്കാം യഹോവയുടെ നാമത്തെ സ്തുതിക്കുവാനിടയായത്. പലരും ചിന്തിക്കുന്നത് കുതിരയും രഥവും ഒക്കെ ഉണ്ടെങ്കിൽ ഭയപ്പെടേണ്ടതില്ലെന്നാണ്. ശത്രു പൊരുതു വരുമ്പോൾ തങ്ങൾക്ക് വിജയം ലഭിക്കുമെന്നാണ് പലരും കരുതുന്നത്. രഥവും കുതിരയും ഉള്ളതിനാൽ തങ്ങൾ ഏതോ വലിയ ആളാണെന്നും അവർക്ക് എല്ലാം ഉണ്ടെന്നും ആരുടേയും മുൻപിൽ അവർ കുനിയേണ്ടി വരികയില്ലെന്നും ഒക്കെ ചിന്തിച്ച് ജീവിക്കുന്നവരാണ് ആ കൂട്ടർ. കൂശ്യനായ സേരഹ് തന്റെ പത്ത് ലക്ഷം സൈന്യങ്ങളിലും മുന്നൂറ് രഥത്തിലും ആശ്രയിച്ച് ശരണപ്പെട്ട് യഹൂദാരാജാവായ ആസയുടെ നേരെ യുദ്ധത്തിന് ചെന്നു. സേരഹ് ചിന്തിച്ചത് തന്റെ സൈന്യബലം കൊണ്ട് രഥങ്ങളുടെ ബലം കൊണ്ട് വിജയം വരിക്കാമെന്നാണ്. എന്നാൽ ആസരാജാവ് രഥത്തിലും കുതിരയിലും ആശ്രയിച്ചില്ല. മനുഷ്യരിലാശ്രയിക്കുന്നതിനേക്കാൾ യഹോവയിൽ ആശ്രയിക്കുന്നതാണ് നല്ലതെന്നും പ്രഭുക്കന്മാരിൽ ആശ്രയിക്കുന്നതിനേക്കാൾ യഹോവയിൽ ആശ്രയിക്കുന്നതാണ് നല്ലതെന്നും അദ്ദേഹത്തിന് നല്ലവണ്ണം അറിയാമായിരുന്നു. അത്കൊണ്ട് ആസ തന്റെ ദൈവമായ യഹോവയെ വിളിച്ചപേക്ഷിച്ചു. യഹോവേ ബലവാനും ബലഹീനനും തമ്മിൽ കാര്യമുണ്ടായാൽ സഹായിപ്പാൻ നീ അല്ലാതെ മറ്റാരും ഇല്ല. ഞങ്ങളുടെ ദൈവമായ യഹോവേ ഞങ്ങളെ സഹായിക്കേണമേ. നിന്നിൽ ഞങ്ങൾ ആശ്രയിക്കുന്നു. നിന്റെ നാമത്തിൽ ഞങ്ങൾ ഈ പുരുഷാരത്തിന് നേരെ പുറപ്പെട്ട് വന്നിരിക്കുന്നുയെന്ന് പറഞ്ഞ് പ്രാർത്ഥിച്ചു. അപ്പോൾ യഹോവ കൂശ്യരെ തോല്കുമാറാക്കി. രഥങ്ങളിലും കുതിരകളിലും ആശ്രയിച്ചവർ കുനിഞ്ഞ് വീണ് പോയി. യഹോവയിൽ ആശ്രയിച്ചവർ ഉറച്ച് നിന്ന് വീര്യം പ്രവർത്തിച്ചു. കൂശ്യർ യഹോവയുടെയും അവന്റെ സൈന്യത്തിന്റെയും മുൻപാകെ നശിച്ചു പോയി. അവരെ രക്ഷിക്കാൻ രഥങ്ങൾക്കോ കുതിരകൾക്കോ കഴിഞ്ഞില്ല. ദൈവത്തിൽ ആശ്രയിച്ച് ഉറച്ച് നിന്ന് ജയം പ്രാപിക്കുന്നവരോടുള്ള സന്ദേശങ്ങളാണ് ഈ സങ്കീർത്തനത്തിന്റെ ഓരോ വാക്യങ്ങളിലും കാണുന്നത്. ദൈവത്തിലാശ്രയിക്കുന്നവന്റെ ഹൃദയത്തിലെ ആഗ്രഹം ദൈവം നിനക്ക് നൽകും. നിന്റെ താല്പര്യം ഒക്കെയും നിവൃത്തിക്കും. ദൈവത്തിൽ ആശ്രയിക്കുന്നവന് ജയം ഉള്ളതിനാൽ ദൈവത്തിന്റെ ഭക്തന്മാർ അവരുടെ ജയത്തിൽ ഘോഷിച്ചുല്ലസ്സിക്കും. ദൈവത്തിന്റെ നാമത്തിൽ കോടി ഉയർത്തും. ദാവീദിന്റെ ജീവിതത്തിന്റെ അനുഭവങ്ങൾ കൂടെയാണ് ഈ സങ്കീർത്തനത്തിൽ കാണുന്നത്. മൂവായിരം സൈന്യങ്ങളും ആയുധങ്ങളും രഥങ്ങളുമായി ശൗൽ ദാവീദിന്റെ പിന്നാലെ യുദ്ധത്തിന് നടന്നെങ്കിലും ശൗൽ അവന്റെ കുന്തത്തിൻ മേൽ കുനിഞ്ഞ് വീണ് നശിച്ചു. എങ്കിലും ദാവീദ് എഴുന്നേറ്റ് നിവർന്ന് നിന്ന് ദൈവമായ യഹോവയുടെ നാമത്തെ പാടി സ്തുതിച്ചു കൊണ്ട് ജീവിച്ചു. ഞാൻ യഹോവയെ എല്ലാകാലത്തും വാഴ്ത്തും. അവന്റെ സ്തുതി എപ്പോഴും എന്റെ നാവിന്മേൽ ഇരിക്കുമെന്ന് പറഞ്ഞ ദാവീദ് രഥവും കുതിരയും സൈന്യവും ഒന്നും ഇല്ലാത്തവനായിരുന്ന കാലത്തും നാവിൽ സ്തുതി നിറഞ്ഞ ദൈവഭക്തനായിരുന്നു. നാവിൽ സ്തുതി ഉണ്ടെങ്കിൽ രഥവും കുതിരയും സൈന്യവും നൽകുന്ന വിജയത്തേക്കാൾ വലിയ വിജയം ദൈവം നൽകും. സ്തുതിയ്ക്ക് വലിയ ശക്തിയുണ്ട്. സ്തുതിക്കുന്നവന്റെ നേരെ നിൽക്കുവാൻ ഒരു രാജാവിനും ഒരു സൈന്യത്തിനും കഴിയുകയില്ല. പിശാചിന്റെ ഒരു തന്ത്രത്തിനും പ്രയോഗത്തിനും അവന്റെ നേരെ നില്ക്കാൻ കഴിയുകയില്ല. സ്തുതിക്കുന്നവന്റെ മുൻപിൽ ശത്രു പരാജയപ്പെട്ട് വീഴും. യെഹോശാഫാത്തിനെതിരെ യുദ്ധം ഉണ്ടായപ്പോൾ യഹോശാഫാത്ത് യുദ്ധക്കളത്തിൽ സംഗീതക്കാരെ നിയമിച്ചു. അവർ പാടി സ്തുതിച്ച് തുടങ്ങിയപ്പോൾ യഹോവ അവരുടെ നേരെ പതിയിരിപ്പുകാരെ വരുത്തി. അങ്ങനെ അവർ തോറ്റ് പോയി. ദൈവജനത്തിന് എതിരെ പോരാടുന്ന ശത്രുശക്തികൾ ഉണ്ട്. എന്നാൽ ദൈവജനം ദൈവത്തിൽ ആശ്രയിച്ച് ഉറച്ച് നിന്ന് യഹോവയുടെ നാമത്തെ സ്തുതിച്ചാൽ മതി, വിജയം നിശ്ചയമാണ്. നിങ്ങളെ നോക്കി ഞങ്ങൾ ജയത്തിൽ സന്തോഷിക്കുന്നു എന്ന് ഭക്തന്മാർ പറയട്ടെ.