കരുനാഗപ്പള്ളി : യാതൊരു പ്രകോപനവും ഇല്ലാതെ ആരാധനാലയത്തിൽ കയറി പാസ്റ്റർ റെജി പാപ്പച്ചനെയും ഭാര്യയേയും ക്രുരമായി മർദ്ധിച്ചതിൽ ക്രൈസ്റ്റ്സ് അംബാസിഡേഴ്സ് ശക്തമായ പ്രതിക്ഷേധം അറിയിച്ചു. താല്കാലികമായി ആരാധന നടക്കുന്ന കെട്ടിടത്തിൻ്റെ അകത്ത് പട്ടാപകൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പാസ്റ്ററെയും ഭാര്യയേയും ഉപദ്രവിച്ച സാമൂഹ്യ വിരുദ്ധരെ എത്രയും പെട്ടന്ന് നിയമത്തിൻ്റെ മുമ്പിൽ കൊണ്ടുവരണം. ആശയപരമായ വിയോജിപ്പ് ഉണ്ടെങ്കിൽ ആശയം കൊണ്ട് എതിർക്കണം. കായികമായി നേരിടുന്നത് ഫാസിസവും അപക്വവുമാണെന്ന് സംസ്ഥാന പ്രസിഡൻ്റ് ജോസ്.റ്റി.ജോർജ് പ്രസ്താവിച്ചു. അക്രമങ്ങൾകൊണ്ട് ദൈവസഭയെ ഇല്ലായ്മ ചെയ്യാൻ ആർക്കും കഴിയില്ല. ഉപദ്രവിച്ചവർ അനുഭാവികളായി മാറിയതാണ് സഭാചരിത്രം.
അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ യുവജന വിഭാഗമാണ് ക്രൈസ്റ്റ്സ് അംബാസിഡേഴ്സ്. രാജ്യത്തിൻ്റെ നന്മക്കും സാമൂഹ്യ പുരോഗതിക്കും വേണ്ടി സമാധാനമായി പ്രവർത്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന ഒരു സഭയാണ് അസംബ്ലിസ് ഓഫ് ഗോഡ്. കരുനാഗപ്പള്ളി താലൂക്ക് ഹോസ്പിറ്റലിൽ അഡ്മിറ്റായിരിക്കുന്ന പാസ്റ്റർ റെജി പാപ്പച്ചനെയും കുടുംബത്തെയും ഡിസ്ട്രിക്റ്റ് സി. എ. പ്രസിഡൻ്റ് പാസ്റ്റർ ജോസ് റ്റി. ജോർജ് സി. എ. സെക്രട്ടറി പാസ്റ്റർ പി. റ്റി. ഷിൻസ്, ജോയിൻ്റ് സെക്രട്ടറി ബിനിഷ് ബീ. പി., കരുനാഗപ്പള്ളി സെക്ഷൻ സി. എ. പ്രസിഡൻ്റ് പാസ്റ്റർ മാത്യുസ് കെ. ജോസ്, സെക്രട്ടറി ലിബിൻ ജോസ് എന്നിവർ സന്ദർശിച്ച് പ്രാർത്ഥിക്കുകയും അസംബ്ലിസ് ഓഫ് ഗോഡിലെ എല്ലാ യുവജനങ്ങളുടെയും ഡിസ്ട്രിക്റ്റ് സി.എ കമ്മറ്റിയുടെയും പിന്തുണ അറിയിക്കുകയും ചെയ്തു.