‘ഇതാ, നോഹയുടെ കാലം’ – 42
പാ. ബി. മോനച്ചൻ, കായംകുളം
22
അവസരം ഇനിയും ഉണ്ടെന്നോ ?
“യഹോവ വാതിൽ അടച്ചു; ഭൂമിയിൽ നാല്പത് ദിവസം ജലപ്രളയം ഉണ്ടായി. വെള്ളം വർദ്ധിച്ചു, പെട്ടകം പൊങ്ങി. നിലത്ത് നിന്ന് ഉയർന്നു. വെള്ളം പൊങ്ങി ഭൂമിയിൽ ഏറ്റവും പെരുകി” (ഉല്പ :7:16,17) ആഴിയുടെ ഉറവുകൾ ഒക്കെയും പിളർന്നു. ആകാശത്തിന്റെ കിളിവാതിലുകളും തുറന്നു. നാല്പത് രാവും നാല്പത് പകലും ഭൂമിയിൽ മഴ പെയ്തു” (ഉല്പ : 7:12). “പർവതങ്ങൾ മൂടുവാൻ തക്കവണം വെള്ളം പതിനഞ്ച് മുഴം അവയ്ക്ക് മീതെ പൊങ്ങി. പറവകളും കന്നുകാലികളും കാട്ടുമൃഗങ്ങളും നിലത്ത് ഇഴയുന്ന എല്ലാ ഇഴജാതികളുമായി ഭൂചരജാലമൊക്കെയും സകല മനുഷ്യരും ചത്ത് പോയി. (ഉല്പ : 7:21)
വരുവാനുള്ള ന്യായവിധിയിൽ നിന്നും രക്ഷ നേടുന്നതിനായി പല നാളായി തുറന്നിട്ടിരിക്കുന്ന ഏക രക്ഷാ പേടകത്തിന്റെ വാതിൽ അങ്ങനെ ദൈവം തന്നെ അടച്ചു. പെട്ടകവാതിൽ എപ്പോൾ വരെ തുറന്നിടേണം എന്നും എപ്പോൾ അറ്റ് അടയ്ക്കണം എന്നും നോഹയല്ല, ദൈവമാണ് തീരുമാനിച്ചത്. അതെ, സ്നേഹിതാ, നിവിന്റെ ഈ ലോകയാത്രയുടെ ദൈർഘ്യം തീരുമാനിക്കുന്നത് നീയല്ല, സ്വർഗ്ഗത്തിലെ ദൈവമാണ്. നിന്റെയും എന്റെയും ജീവിതത്തിന്റെ തിരശീല എപ്പോൾ, എങ്ങനെ വീഴുമെന്ന് നിനക്കും എനിക്കും അറിഞ്ഞു കൂടാ. എന്നാൽ ദൈവത്തിനറിയാം. “മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ അവന്റെ കൈവശമാണ്. ആരും അടയ്ക്കാതവണം തുറക്കുവാനും, ആരും തുറക്കാതവണം അടയ്ക്കുവാനും അവന് കഴിയും.” (വെളി :3:7) അവന് മാത്രമേ കഴിയൂ.
“ആകയാൽ ഇരുട്ടാകുന്നതിനും നിങ്ങളുടെ കാൽ അന്ധകാരപർവ്വതത്തിൽ ഇടറിപോകുന്നതിനും മുൻപേ യഹോവയ്‌ക്ക് മഹത്വം കൊടുക്കുക. ഇല്ലെങ്കിൽ നിങ്ങൾ പ്രകാശത്തിന് കാത്തിരിക്കെ അവൻ അന്ധതമസ്സും, കൂരിരുട്ടും വരുത്തും.” (യിരെ :13:16) കൃപാകാലം തീരും മുൻപേ പെട്ടകത്തിൽ പ്രവേശിക്കുക. നാളെ, നാളെ, നീളെ, നീളെ നിനക്ക് അവസരം കിട്ടുമെന്ന് വിചാരിക്കരുത്. ഒന്നുകിൽ നീ വിചാരിക്കാത്തപ്പോൾ നിന്റെ ജീവിതത്തിന്റെ തിരശീല വീഴും, അല്ലെങ്കിൽ നിത്യതയുടെ തിരശീല ഉയരും. പിന്നീട് നിലവിളിച്ചാൽ രക്ഷയില്ല.
ദൈവം എന്ത്കൊണ്ട് നോഹയുടെ കൈവശം പെട്ടകവാതിലിന്റെ താക്കോൽ ഏല്പിച്ചില്ല എന്ന് ഞാൻ ചിന്തിക്കാറുണ്ട്. അതിന്റെ കാരണം പറയാം. ന്യായവിധിയുടെ വെള്ളം പൊങ്ങിക്കൊണ്ടിരുന്നപ്പോൾ പലരും ഓടിയെത്തി പെട്ടകവാതിലിൽ മുട്ടുവാൻ തുടങ്ങി കാണും. പെട്ടകം പണിത ആശാരിയും നോഹയുടെ ബന്ധുക്കളും ഒക്കെ വെള്ളം കുടിച്ച് വയറ് വീർത്തപ്പോൾ നീന്തി എത്തി പെട്ടകവാതിൽക്കൽ കിടന്ന് നിലവിളിച്ച് കാണും. നോഹയുടെ പുത്രന്മാരായ ശേം, ഹാം, യാഫെത്ത് എന്നിവരുടെ ഭാര്യമാരുടെ അപ്പന്മാരും അവരുടെ അനുജത്തിമാരും ചേട്ടന്മാരും ഒക്കെ ചത്ത് പൊങ്ങിയവരുടെ കൂട്ടത്തിലുണ്ട്. നേരത്തെ നോഹ പ്രസംഗിച്ചപ്പോൾ അവരൊക്കെ കളിയാക്കിവരാണ്. ഇത്ര പെട്ടെന്ന് ഇങ്ങനെ ജലപ്രളയം വരുമെന്നവർ കരുതിയില്ല. (അഥവാ, വന്നാലും മക്കൾ പെട്ടകത്തിന്റെ അകത്തുള്ളത് കൊണ്ട് രക്ഷപ്പെടാം എന്നവർ കരുതി കാണും). പെട്ടകത്തിന്റെ താക്കോൽ നോഹയുടെ കൈയ്യിൽ ഉണ്ടായിരുന്നുവെങ്കിൽ, നോഹയുടെ മരുമക്കൾ അവരുടെ അപ്പനും അമ്മയും മുങ്ങിച്ചാകുന്നത് കാണുമ്പോൾ നോഹയ്ക്ക് സ്വൈര്യത കൊടുക്കുമെന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടോ ? “അപ്പച്ചാ, ഒന്ന് തുറക്ക്, എന്റെ അച്ചാച്ചനെയെങ്കിലും ഒന്ന് കയറ്റൂ” എന്ന് പറഞ്ഞ് ആ പെൺപിള്ളേർ ബഹളം വച്ചേനെ. നോഹയുടെ സ്വൈര്യം കെടുത്തിയേനെ. അങ്ങനെ തുറന്നാൽ ഈ പെട്ടകത്തിൽ വെള്ളം കയറും, പെട്ടകം മുങ്ങും, മുകളിലോട്ട് പൊങ്ങൽ നടക്കില്ല എന്ന് സാരം. ദൈവീക ന്യായവിധി പെയ്തിറങ്ങിക്കൊണ്ടിരിക്കുന്ന ഈ ലോകത്തിനഭിമുഖമായി ദൈവസഭ വാതിൽ തുറക്കരുത്. തുറന്നാൽ ലോകം നിന്നിലേക്ക് ഇരച്ചുകയറുകയും നിന്റെ ജീവിതനൗക മുങ്ങി പോകയും ചെയ്യും.