‘സങ്കീർത്തന ധ്യാനം’ – 47
പാ. കെ. സി. തോമസ്
‘ഞങ്ങളുടെ പിതാക്കന്മാർ ദൈവത്തിൽ ആശ്രയിച്ചു’, സങ്കീ : 22:4
ഭക്തന്മാർക്ക് ദൈവം അവരുടെ പിതാക്കന്മാരുടെ ദൈവമാണ്. അവരുടെ പിതാക്കന്മാർ സേവിച്ച അതെ ദൈവത്തെ സേവിക്കുവാൻ അവർക്കും ഭാഗ്യം ലഭിച്ചു. കർത്താവേ നീ തലമുറതലമുറയായി ഞങ്ങളുടെ സങ്കേതമാകുന്നുയെന്ന് അവർ പറഞ്ഞു. ഈ ദൈവത്തെ സേവിക്കുവാൻ അവർക്ക് പ്രചോദനം നൽകിയത് അവരുടെ പിതാക്കന്മാരുടെ ചരിത്രമാണ്. അവർ ദൈവത്തിൽ ആശ്രയിച്ച് ജീവിച്ചവരായിരുന്നു. മനുഷ്യരിൽ ആശ്രയിക്കുന്നതിനേക്കാൾ യഹോവയിൽ ആശ്രയിക്കുന്നത് നല്ലതെന്ന് അവർ മനസ്സിലാക്കിയിരുന്നു. മനുഷ്യരിൽ ആശ്രയിച്ച് ജഡത്തെ ഭുജമാക്കി ഹൃദയം കൊണ്ട് യഹോവയെ വിട്ട് മാറുന്നവൻ ശപിക്കപെട്ടവൻ എന്നും, യഹോവയിൽ ആശ്രയിക്കുകയും യഹോവ തന്നെ ആശ്രയമായിരിക്കുകയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാനെന്നും വചനം പറയുന്നു. മനുഷ്യരിൽ ആശ്രയിക്കുന്നവൻ മരുഭൂമിയിലെ ചൂരചെടി പോലെയാണ്. ദൈവത്തിൽ ആശ്രയിക്കുന്നവൻ വെള്ളത്തിനരികെ നട്ടിരിക്കുന്നതും ആറ്റരികെ വേരൂന്നിരിക്കുന്നതുമായ വൃക്ഷം പോലെയാകും. ഉഷ്ണം തട്ടുമ്പോൾ അത് പേടിക്കയില്ല. വരൾച്ച ഉള്ളകാലത്തും വാട്ടം തട്ടാതെ ഫലം കായ്ച്ചു കൊണ്ടിരിക്കും. ദൈവത്തിലാശ്രയിക്കുവാൻ ഭക്തന്മാർക്ക് പ്രചോദനം നല്കികൊണ്ടിരിക്കുന്നത് ദൈവം അവർക്ക് കൊടുത്ത വിടുതലിന്റെ അനുഭവങ്ങളാണ്. കഷ്ടതയിൽ അവർ വിളിച്ചപേക്ഷിച്ചപ്പോൾ ദൈവം അവരെ വിടുവിച്ചു. അവർ നിലവിളിച്ചപ്പോൾ ദൈവം ഉത്തരമരുളി. അങ്ങനെയുള്ള അനുഭവങ്ങൾ ഉള്ളവർ പറഞ്ഞു “ചിലർ രഥങ്ങളിലും കുതിരകളിലും ആശ്രയിക്കുന്നു. ഞങ്ങളോ ഞങ്ങളുടെ ദൈവമായ യഹോവയിൽ ആശ്രയിച്ച് യഹോവയുടെ നാമത്തെ കീർത്തിക്കും. അവർ കുനിഞ്ഞ് വീണ് പോയി. എന്നാൽ ഞങ്ങൾ എഴുന്നേറ്റ് നിവർന്ന് നിൽക്കും. (സങ്കീ : 20:7-8) ദൈവത്തിലാശ്രയിച്ചവർ ദൈവത്തോട് നിലവിളിച്ചു. അവർ രക്ഷ പ്രാപിച്ചു. അവർ നിങ്കൽ ആശ്രയിച്ചു, ലജ്ജിച്ചു പോയതുമില്ല. ആശ്രയിക്കുന്നവരെ അറിയുന്നവനും അവരെ വിടുവിക്കുന്നവനുമാണ് നമ്മുടെ ദൈവം. ദൈവം മനുഷ്യനെ സൃഷ്ടിച്ചത് സ്വതന്ത്രനായിട്ടല്ല. ദൈവത്തിൽ ആശ്രയിച്ച് ജീവിക്കത്തക്ക നിലയിലാണ്. മനുഷ്യൻ എന്ന വാക്കിന്റെ മൂലഭാഷ പ്രയോഗത്തിന്റെ അർത്ഥം അപേക്ഷിക്കുന്നവൻ, ആശ്രയിക്കുന്നവൻ, പ്രാർത്ഥിക്കുന്നവൻ എന്നൊക്കെയാണ്. ദൈവത്തിൽ ആശ്രയിച്ച് മനുഷ്യൻ ജീവിക്കണമെന്ന് ദൈവം ആഗ്രഹിച്ചു. കാരണം പ്രത്യേക ഉദ്ദേശത്തോടും ലക്ഷ്യത്തോടും കൂടെയാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. ചെറുതും വലുതുമായ ആവശ്യങ്ങൾക്ക് അവൻ ദൈവത്തോട് അപേക്ഷിച്ചും പ്രാർത്ഥിച്ചും ശരണപ്പെട്ടും ജീവിക്കണം എന്ന് ദൈവം ആഗ്രഹിക്കുന്നു. യഹോവ വീട് പണിയാതെ ഇരുന്നാൽ പണിയുന്നവർ വൃഥാ അധ്വാനിക്കുന്നു. യഹോവ പട്ടണം കാക്കാതിരുന്നാൽ കാവൽക്കാരൻ വൃഥാ ജാഗരിക്കുന്നു. പലരും ചിന്തിക്കുന്നത് തങ്ങളുടെ കഴിവ് കൊണ്ട് പലതും നേടാമെന്നാണ്. ഏത് പ്രതിസന്ധികളിലും സ്വന്ത കഴിവ് കൊണ്ട് പിടിച്ചുനില്ക്കാമെന്നാണ്. എന്നാൽ അവർക്കും പിന്നീട് മനസ്സിലാകും അത് സാധിക്കുകയില്ലായെന്ന്. മനുഷ്യർക്ക് പലവിധ കഴിവുകേടുകളും ബലഹീനതകളും ഉണ്ട്. എന്നാൽ അവർ ആശ്രയിക്കുന്ന ദൈവം ബലഹീനനായ ദൈവമല്ല. അവൻ ക്ഷീണിക്കുന്നില്ല, തളർന്ന് പോകുന്നില്ല. അവന്റെ ബുദ്ധി അപ്രമേയമത്രെ. അവൻ ബലമില്ലാത്തവന് ബലം കൊടുക്കുന്നവനാണ്. ശക്തി ഇല്ലാത്തവർക്ക് ശക്തി നല്കുന്നവനാണ്. അവൻ നിത്യ ദൈവമാണ്. അവൻ ഭൂമിയുടെ അറുതികളെ സൃഷ്ടിച്ചവനാണ്. കഷ്ടകാലത്ത് നീ എന്നെ വിളിച്ചപേക്ഷിക്കുക ഞാൻ നിനക്ക് ഉത്തരം അരുളും എന്ന് ദൈവം വാഗ്ദത്തം നൽകിയിട്ടുണ്ട്. നമ്മുടെ പിതാക്കന്മാർ അബ്രഹാമും യിസഹാക്കും യാക്കോബും ഒക്കെ യഹോവയിൽ ആശ്രയിച്ചു. ദൈവം അവരെ വിടുവിച്ചു. എന്നാൽ പുത്രൻ ദൈവത്തിൽ ആശ്രയിച്ച് നിലവിളിച്ചുയെങ്കിലും ഉത്തരം അരുളിയില്ല. മനുഷ്യവർഗ്ഗത്തിന്റെ പാപങ്ങൾ ചുമന്ന് പാപിയുടെ സ്ഥാനത്ത് പാപത്തിന്റെ ശിക്ഷ അനുഭവിക്കുവാൻ നിന്ന പുത്രൻ ആണ് നിലവിളിച്ചത്. എങ്കിലും നിലവിളിക്ക് ഉത്തരമരുളിയില്ല, വിടുവിച്ചില്ല. കഷ്ടതയുടെ നടുവിൽ ആകുമ്പോൾ മാത്രം വിളിച്ചപേക്ഷിക്കുന്ന മനുഷ്യരുണ്ട്. കഷ്ടതയിൽ വിടുതലിന് വേണ്ടി മാത്രം ദൈവത്തിലാശ്രയിക്കുന്ന പാപികളുണ്ട്. അവരെ വിടുവിക്കുന്നില്ല. പാപികളുടെ പ്രാർത്ഥന ദൈവം കേൾക്കയില്ല. അത്യുന്നതന്റെ മറവിൽ വസിക്കയും സർവ്വശക്തന്റെ നിഴലിൻ കീഴിൽ പാർക്കുകയും ചെയ്യുന്നവനോടാണ് പറഞ്ഞത് കഷ്ടകാലത്ത് നീയെന്നെ വിളിച്ചപേക്ഷിക്കുക. ഞാൻ നിനക്ക് ഉത്തരം അരുളുമെന്ന്. അത് കൊണ്ട് വിടുതൽ ലഭിക്കാനുള്ള മാർഗ്ഗം പാപവഴികളെ വിട്ട് വിശുദ്ധരായി ജീവിച്ച് ദൈവത്തിൽ ആശ്രയിക്കുക എന്നതാണ്.