‘സങ്കീർത്തന ധ്യാനം’ – 55
പാ. കെ. സി. തോമസ്
‘ദൈവത്തെ അന്വേഷിക്കുന്നവരുടെ തലമുറ’, സങ്കീ : 24:6
ദൈവത്തെ അന്വേഷിക്കുന്നവരുടെ ഭാഗ്യപദവി ബൈബിളിൽ വർണ്ണിച്ചിട്ടുണ്ട്. ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനുണ്ടോയെന്ന് കാണുവാൻ ദൈവം സ്വർഗ്ഗത്തിൽ നിന്നും മനുഷ്യപുത്രന്മാരെ നോക്കുന്നു. ദൈവത്തെ അന്വേഷിക്കുന്നവർ മനുഷ്യരുടെ മുൻപിൽ ഭോഷന്മാരാണ്. ദൈവീക ശുശ്രുഷയിൽ നിലകൊള്ളുന്നവരും പലരുടെയും നോട്ടത്തിൽ ബുദ്ധികെട്ടവരാണ്. എന്നാൽ ദൈവത്തെ അന്വേഷിക്കുന്നവനാണ് ദൈവീക ദൃഷ്ടിയിൽ ബുദ്ധിമാൻ. കിഴക്ക് നിന്നും യേശുവിനെ അന്വേഷിച്ച് ഒരു കൂട്ടം ആളുകൾ യെരുശലേമിൽ എത്തി. അവർക്ക് എല്ലാവർക്കും പേരുള്ളവരാണെങ്കിലും ബൈബിളിൽ പരിശുദ്ധാത്മാവ് അവർക്ക് കൊടുത്ത പേര് വിദ്വാന്മാർ എന്നാണ്. ദൈവത്തെ അന്വേഷിക്കുന്നവരാണ് യഥാർത്ഥ വിദ്വാന്മാർ. ഇതാകുന്നു അവനെ അന്വേഷിക്കുന്ന തലമുറ എന്ന് ഇവിടെ പറഞ്ഞിരിക്കുന്നത് തിരുമുഖം അന്വേഷിക്കുന്നവരെ കുറിച്ചാണ്. അതായത് ദൈവസന്നിധാനത്തിൽ തിരുമുഖം അന്വേഷിച്ച് നില്ക്കാൻ കഴിയുന്നവർ.
അവർ ഒരു ന്യൂനപക്ഷമേ ഉള്ളൂ. ദൈവത്തെ അന്വേഷിക്കുന്നവരും ക്രിസ്ത്യാനികളും വളരെ ഉണ്ടെങ്കിലും യഥാർത്ഥത്തിൽ തുറുമുഖ പ്രകാശത്തിൽ നില്ക്കാൻ യോഗ്യർ കുറവാണ്. യാക്കോബിന്റെ ദൈവമേ തിരുമുഖം അന്വേഷിക്കുന്നവർ ഇവർ തന്നെ എന്നുള്ള വാചകം മൂലഭാഷയിൽ തിരുമുഖം അന്വേഷിച്ച് തിരുമുൻപിൽ നിൽക്കുന്നവർ ആണ് യഥാർത്ഥ യാക്കോബ് അഥവാ യിസ്രായേൽ എന്നാണ്. യിസ്രായേൽ എന്ന പേരിന് യോഗ്യരായ അനേകർ ഉണ്ടെങ്കിലും ദൈവസന്നിധാനത്തിൽ ധൈര്യത്തോടെ നില്ക്കാൻ യോഗ്യരായവർ ചുരുക്കമാണ്.
ദൈവത്തിന്റെ പെട്ടകം യെരുശലേമിലേക്ക് കൊണ്ട് പോകുമ്പോൾ പാടിയ കീർത്തനമായി ഈ സങ്കീർത്തനത്തെ കുറിച്ച് പണ്ഡിതന്മാർ പറയുന്നു. ദൈവസാന്നിധ്യം എഴുന്നെള്ളിവരുന്ന ബലത്തിന്റെ പെട്ടകം ഇരിക്കുന്ന ദൈവത്തിന്റെ വിശുദ്ധപർവ്വതത്തിൽ ആർ കയറും എന്ന ചോദ്യത്തിന്റെ മറുപടിയുടെ ഭാഗമാണ്, ഇതാകുന്നു അവനെ അന്വേഷിക്കുന്നവരുടെ തലമുറ എന്നത്. ദൈവത്തിന്റെ തിരുമുഖപ്രകാശത്തിൽ ദൈവത്തെ അന്വേഷിച്ച് നില്ക്കാൻ എല്ലാ യിസ്രായേലിനും കഴിയുകയില്ല. എല്ലാ ക്രിസ്ത്യാനിക്കും കഴിയുകയില്ല. ദൈവസന്നിധിയിൽ നില്ക്കാൻ യോഗ്യത ആർക്കാണ് എന്ന് ഇവിടെ പറഞ്ഞിരിക്കുന്നു. വെടിപ്പുള്ള കൈയ്യും, നിർമ്മലഹൃദയവും ഉള്ളവർക്കേ കഴിയുകയുള്ളൂ. വ്യാജത്തിന് മനസ്സ് വയ്ക്കാത്തവർ, കള്ളസത്യം ചെയ്യാത്തവർ, അഥവാ കാൽ വിശുദ്ധമായിരിക്കുന്നവർ, നാവ് വിശുദ്ധമായിരിക്കുന്നവർ, ഇവർക്ക് മാത്രമേ പരിശുദ്ധനായ ദൈവത്തിന്റെ മുൻപിൽ ചെന്ന് നിൽക്കുവാനോ ദൈവത്തിന്റെ ശുശ്രുഷ ചെയ്യുവാനോ കഴിയുകയുള്ളൂ. ദൈവം പരിശുദ്ധനാകയാൽ ദൈവസന്നിധിയിൽ നിൽക്കുന്നവരും വിശുദ്ധരായിരിക്കണം. ദൈവഭയത്തിൽ വിശുദ്ധിയെ തികച്ച് നിൽക്കുന്നവർക്കാണ് ദൈവീക അനുഗ്രഹങ്ങൾ ദൈവം നൽകുന്നത്. അവർ യഹോവയോട് അനുഗ്രഹവും നമ്മുടെ രക്ഷയുടെ ദൈവത്തോട് നീതിയും പ്രാപിക്കും. ദൈവസന്നിധിയിൽ നിൽക്കുവാൻ അനേകർക്ക് ഭാഗ്യം ലഭിക്കാതിരിക്കുമ്പോൾ ദൈവസന്നിധിയിൽ നിൽക്കുവാൻ ഈ തലമുറയിൽ ദൈവം നമുക്ക് തന്ന പദവിക്കായി ദൈവത്തിന് സ്തോത്രം ചെയ്യാം. “അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിന്നുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന്നു അടുത്തു ചെല്ലുക.”, എബ്രാ. : 4:16. ധൈര്യത്തോടെ ദൈവസാന്നിധ്യമുള്ള കൃപാസനത്തിൽ എല്ലാവർക്കും ചെല്ലാൻ കഴിയുകയില്ലെന്നാണ് നാം ധ്യാനിക്കുന്ന വാക്യം തെളിയിക്കുന്നത്. പെന്തെകൊസ്തുകാരൻ ആയതിനാൽ അത് സാധ്യമല്ല.മുകളിൽ പറഞ്ഞ നിലകളിൽ കയ്യും കാലും നാവും ഹൃദയവും എല്ലാം ആയിത്തീർന്നെങ്കിലെ ദൈവസാന്നിധ്യം എഴുന്നെള്ളിയിരിക്കുന്ന വിശുദ്ധസ്ഥലത്ത് നില്ക്കാൻ കഴിയുകയുള്ളൂ. അത് കൊണ്ടാണ് എബ്രായലേഖന കർത്താവ് കൃപാസനത്തിൽ ചെല്ലുവാനുള്ള യോഗ്യത ആ ലേഖനത്തിൽ തന്നെ പറഞ്ഞത്. “അതുകൊണ്ടു സഹോദരന്മാരേ, യേശു തന്റെ ദേഹം എന്ന തിരശ്ശീലയിൽകൂടി നമുക്കു പ്രതിഷ്ഠിച്ച ജീവനുള്ള പുതുവഴിയായി, തന്റെ രക്തത്താൽ വിശുദ്ധമന്ദിരത്തിലേക്കുള്ള പ്രവേശനത്തിന്നു ധൈര്യവും ദൈവാലയത്തിന്മേൽ ഒരു മഹാപുരോഹിതനും നമുക്കുള്ളതുകൊണ്ടു നാം ദുർമ്മനസ്സാക്ഷി നീങ്ങുമാറു ഹൃദയങ്ങളിൽ തളിക്കപ്പെട്ടവരും ശുദ്ധവെള്ളത്താൽ ശരീരം കഴുകപ്പെട്ടവരുമായി വിശ്വാസത്തിന്റെ പൂർണ്ണനിശ്ചയം പൂണ്ടു പരമാർത്ഥഹൃദയത്തോടെ അടുത്തു ചെല്ലുക.”, എബ്രാ : 10:19-22. ഈ തലമുറയിൽ സത്യമായി ദൈവത്തെ അന്വേഷിക്കുന്നവരും ദൈവസന്നിധിയിൽ നിൽക്കുന്നവരും ദൈവീക അനുഗ്രഹം പ്രാപിക്കുന്നവരുമായി തീരുന്നത് എത്ര വലിയ പദവിയും അനുഗ്രഹവുമാണ്. അതിനായി ഉത്സാഹിക്കാം.