‘സങ്കീർത്തന ധ്യാനം’ – 62
പാ. കെ. സി. തോമസ്
‘യഹോവയുടെ ശബ്ദം വെള്ളത്തിൻ മീതെ മുഴങ്ങുന്നു’, സങ്കീ : 29:3
ദൈവത്തെ എങ്ങനെ ആരാധിക്കണം എന്ന് പറഞ്ഞിട്ടാണ് ദൈവശബ്ദം മുഴങ്ങുന്നതിനെക്കുറിച്ച് പറഞ്ഞത്. ദൈവപുത്രന്മാരെ യഹോവയ്‌ക്ക് കൊടുപ്പിൻ. കൊടുത്ത് ആരാധിക്കണം. എന്ത് കൊടുക്കണം ? യഹോവയ്‌ക്ക് അവന്റെ നാമത്തിന്റെ മഹത്വം കൊടുക്കണം. ആ നാമം എല്ലാ നാമങ്ങൾക്കും മേലായ നാമം ആകയാൽ ആ നാമത്തിന്റെ സ്രേഷ്ഠതയ്ക്ക് അനുസരിച്ചാണ് മഹത്വം കൊടുക്കേണ്ടത്. സങ്കീ : 96:8 ൽ യഹോവയ്‌ക്ക് അവന്റെ നാമത്തിന് തക്ക മഹത്വം കൊടുക്കണം. ഒരാളിന്റെ മഹത്വത്തിന് തക്കവണ്ണമാണ് ആ ആളിനെ ആളുകൾ ബഹുമാനിക്കുന്നത്. മന്ത്രിമാരേക്കാൾ മുഖ്യമന്ത്രിയെയും ആളുകൾ ബഹുമാനിക്കുന്നു. നമ്മുടെ ദൈവം സ്വർലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ മടങ്ങുന്ന ദൈവമാണ്. എല്ലാ കപ്പലിനും ഒരു വിലയല്ല. കപ്പലിന്റെ വിലയനുസരിച്ചാണ് വാങ്ങുന്നവർ വില കൊടുക്കുന്നത്. നമ്മുടെ ദൈവത്തെ പോലെ ഒരു ദൈവം വേറെയില്ല. അത് കൊണ്ട് ആ ദൈവത്തിന്റെ മുൻപിൽ തിരുമുൽ കാഴ്ചകളുമായി ചെന്ന് മഹത്വം കൊടുക്കണം. അങ്ങനെ ചെല്ലുമ്പോൾ ദൈവത്തിന് മഹത്വം കൊടുക്കണം. അങ്ങനെ ചെയ്യുമ്പോൾ ദൈവശബ്ദം നമുക്ക് വേണ്ടി മുഴങ്ങും. നമ്മെ സഹായിക്കുവാൻ നമുക്ക് വേണ്ടി പ്രവർത്തിക്കാൻ നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ദൈവശബ്ദം മുഴങ്ങും. ദൈവത്തിന്റെ ശബ്ദം വെള്ളത്തിൻ മീതെ മുഴങ്ങും, പെരുവെള്ളത്തിൻ മീതെ മഹത്വത്തിന്റെ ദൈവം ഇടിമുഴക്കം പോലെ തന്റെ ശബ്ദം മുഴക്കും. മുൻപ് വെള്ളം ഭൂമിയിൽ മൂടി കിടന്ന് കാലത്ത് ഇരുട്ട് ഭൂമിയെ മൂടിയിരുന്ന കാലത്ത് വെളിച്ചമുണ്ടാകട്ടെ എന്ന ദൈവശബ്ദം മുഴങ്ങി. ഉടനെ വെളിച്ചം ഉണ്ടായി. ഭൂമി കാണായി വരട്ടെ എന്ന ശബ്ദം മുഴങ്ങി ഭൂമി വെള്ളത്തിൽ നിന്നും ഉയർന്നു വന്നു. അത് പോലെ വെള്ളങ്ങളും പെരുവെള്ളങ്ങളും പുരുഷാരത്തെ കാണിക്കുന്നു. ദൈവത്തിന് മഹത്വം കൊടുത്ത് ആരാധിക്കുന്ന തന്റെ ജനത്തിന് വേണ്ടി ജനസമുദായ കടലിന് മീതെ ദൈവശബ്ദം ഇടിമുഴക്കം പോലെ മുഴങ്ങും. അവർക്ക് ദോഷം ചെയ്യുന്നവരുടെ നേരെ ദൈവശബ്ദം മുഴങ്ങും. കാറ്റേ അടങ്ങുക കടലേ ശാന്തമാകുക എന്ന് പറഞ്ഞുള്ള ദൈവശബ്ദം മുഴങ്ങിയപ്പോൾ കാറ്റ് അടങ്ങി കടൽ ശാന്തമായി. ആരാധിക്കുന്ന ജനത്തോടാണ് ദൈവം സംസാരിക്കുന്നത്. അവർക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. ശക്തിയോടും മഹിമയോടും ദൈവശബ്ദം അവർക്ക് വേണ്ടി മുഴങ്ങും. ദൈവശബ്ദം മുഴങ്ങിയാൽ വലിയ പ്രവർത്തികൾ നടക്കും. ആകാശം വരെ ചില്ലകൾ നീട്ടി അഹങ്കാരത്തോടെ ഉയർന്ന് നിൽക്കുന്ന ദേവദാരുപോലെ ഉള്ളവരെ തകർക്കുവാൻ ദൈവശബ്ദം മുഴങ്ങും. ആ ശബ്ദത്തിന് മുൻപിൽ അവർ തകർന്ന് വീഴും. ദൈവശബ്ദം ലെബാനോനെയും സീയോനെയും കാട്ടു പോത്തിൻ കുട്ടിയെ പോലെ തുള്ളിക്കുന്നത് പോലെ ദൈവശബ്ദം കേട്ട് സന്തോഷത്താൽ അനേകർ തുള്ളി ചാടും. ദൈവശബ്ദം അഗ്നിശോധനകളെ ചിന്നിച്ച് അതിന്റെ ബലം ഇല്ലാതാക്കും. ദൈവശബ്ദം കേട്ട് ചിലർ നടുങ്ങി പോകും. ദൈവശബ്ദം ആത്മീയ ശിശുക്കളുടെ ജനനത്തിന് കാരണമാകും. കേൾക്കുന്ന ദൈവവചനത്തിൽ ദൈവാത്മാവ് വ്യാപാരിക്കുമ്പോഴാണ് വീണ്ടും ജനനത്തിലേക്ക് ജനങ്ങൾ നയിക്കപ്പെടുന്നത്. ദൈവശബ്ദം ചിലതിന്റെ തോൽ ഉരിക്കും. ചിലതിനെ രൂപാന്തരപ്പെടുത്തും. ദൈവത്തിന് മഹത്വം കൊടുക്കുന്ന ഇടത്ത് അനേക പ്രവർത്തികൾ നടന്ന് കൊണ്ടിരിക്കും.