‘സങ്കീർത്തന ധ്യാനം’ – 64
പാ. കെ. സി. തോമസ്
‘ദൈവം എന്റെ വിലാപത്തെ എനിക്ക് നൃത്തമാക്കി തീർത്തു’, സങ്കീ : 30:31
ദാവീദിന് ദൈവം കൊടുത്ത ഉദ്ധാരണത്തെ ഓർത്ത് നന്ദിയോടെ പാടിയ ഒരു കീർത്തനം ആണിത്. ഭവന പ്രതിഷ്‌ഠാഗീതം എന്നാണ് ശീർഷകം. അരമന പണിത ശേഷം എഴുതിയ കീർത്തനം എന്ന അഭിപ്രായം ഉണ്ട്. പ്രതിഷ്ഠോത്സവത്തിൽ ഇത് യിസ്രായേൽ പാടിയിരുന്നു. തന്റെ പ്രാർത്ഥനയാൽ ദൈവം ചെയ്ത ദൈവപ്രവർത്തിയാണ് സങ്കീർത്തനത്തിൽ ഉടനീളം കാണുന്നത്. ദാവീദ് ഒരു പ്രാർത്ഥനാ പുരുഷനായിരുന്നു. ഒന്ന് മുതൽ വാക്യങ്ങളിൽ, യഹോവേ ഞാൻ നിന്നെ പുകഴ്ത്തുന്നു. നീ എന്നെ ഉദ്ധരിച്ചിരിക്കുന്നു. എന്റെ ശത്രുക്കൾ എന്നെ കുറിച്ച് സന്തോഷിക്കാൻ ഇടവരുത്തിയില്ല. എന്റെ ദൈവമായ യഹോവേ ഞാൻ നിന്നോട് നിലവിളിച്ചു. നീ എന്നെ സൗഖ്യമാക്കുകയും ചെയ്തു. യഹോവേ നീ എന്റെ പ്രാണനെ പാതാളത്തിൽ നിന്ന് കരേറ്റിയിരിക്കുന്നു. ഞാൻ കുഴിയിൽ ഇറങ്ങി പോകാതിരിക്കേണ്ടതിന് നീ എനിക്ക് ജീവരക്ഷ വരുത്തിയിരിക്കുന്നു. മരണകരമായ രോഗം ബാധിച്ചപ്പോൾ കാലത്തും ഉച്ചയ്ക്കും വൈകിട്ടും സങ്കടം ബോധിപ്പിച്ച് കരയുന്ന ദാവീദ് ദൈവസന്നിധിയിൽ കരഞ്ഞ് പ്രാർത്ഥിച്ചു. പാപങ്ങൾ ഏറ്റ് പറഞ്ഞ് പ്രാർത്ഥിച്ചു. കണ്ണുനീർ തൂകുമ്പോൾ മനസ്സലിയുന്ന ദൈവം തന്റെ നിലവിളി കേട്ട് തന്നെ മരണത്തിൽ നിന്നും ഉദ്ധരിച്ചു. അതിനോടുള്ള ബന്ധത്തിൽ ആണ് നീ എന്റെ വിലാപത്തെ നൃത്തമാക്കി എന്റെ രട്ട് അഴിച്ച് എന്നെ സന്തോഷം ഉടുപ്പിച്ചു എന്ന് പറഞ്ഞിരിക്കുന്നത്. വിലാപത്തിൽ കൂടെ കടന്ന് പോകേണ്ട അനേക സന്ദർഭങ്ങൾ ദാവീദിന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. അക്ഷരീകമായി താൻ നിലവിളിച്ച സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. രട്ട് ഉടുത്ത് കഴിയേണ്ടി വന്ന സമയങ്ങൾ തനിക്കുണ്ടായി. അതിൽ ഒരു സന്ദർഭമായിരുന്നു താൻ ഫെലിസ്ത്യ ദേശത്ത് ആയിരുന്നപ്പോൾ സിക്ലാഗിൽ ആയിരുന്ന തന്റെ ഭാര്യമാരെയും മക്കളെയും അമാലേക്യർ അപഹരിച്ച് കൊണ്ട് പോയ സന്ദർഭം. താമസിച്ചിരുന്ന സ്ഥലം അവർ ചുട്ട് ചാമ്പലാക്കി ദാവീദ് ബലം ഇല്ലാതാകുവോളം നിലവിളിച്ചു. എന്നാൽ ദൈവത്തിൽ തനിക്ക് ധൈര്യപ്പെടുവാൻ വിശ്വാസം മൂലം ഇടയായി. നഷ്ട്ടപെട്ടതെല്ലാം കൂടാതെ വലിയ കൊള്ളയുമായി മടങ്ങി വരുവാൻ ദൈവം ഇടയാക്കിയ സന്ദർഭം തന്റെ വിലാപം നൃത്തമായി രട്ട് അഴിച്ച് സന്തോഷം ഉടുക്കപെട്ടു. തന്റെ സ്വന്തം മകൻ തനിക്ക് എതിരെ കൂട്ട് കെട്ട് ഉണ്ടാക്കിയ സന്ദർഭം സിംഹാസനം വിട്ട് ഓടേണ്ടി വന്ന ദാവീദ് ചെരിപ്പിടാതെ കരഞ്ഞും കൊണ്ട് ഒലിവ് മലയുടെ കയറ്റം കയറിപ്പോയി. എന്നാൽ തന്റെ സങ്കടം ദൈവത്തോട് നിലവിളിച്ച് പറഞ്ഞു. ദൈവം തന്നെ ഉദ്ധരിച്ചു വീണ്ടും സിംഹാസനത്തിലേക്ക് മടക്കി കൊണ്ട് വന്ന സമയം ദൈവം തന്റെ വിലാപത്തെ നൃത്തമാക്കി മാറ്റുകയാണ് ചെയ്തത്. തന്റെ ജീവിതത്തിൽ ശൗൽ തന്നെ കൊല്ലുവാൻ നടന്ന നാളുകൾ ദാവീദിന്റെ വിലാപത്തിന്റെ കാലമായിരുന്നു. രട്ടുശീല ധരിച്ച കാലങ്ങൾ ആയിരുന്നു. എന്നാൽ സങ്കടം ബോധിപ്പിച്ച് കരയുന്ന സ്വഭാവക്കാരനായിരുന്ന ദാവീദിന്റെ ശത്രു ആയി പോരാടി കരയിപ്പിച്ചു കൊണ്ടിരുന്ന ശൗലിന്മേലും സൈന്യത്തിന്മേലും ദൈവം ന്യായവിധി നടത്തി ദാവീദിന് യിസ്രായേലിന്റെ രാജാവായി ഉയർത്തിയ സമയം വിലാപത്തെ നൃത്തമാക്കി, രട്ട് അഴിച്ച് സന്തോഷം ഉടുപ്പിച്ച സമയം ആയിരുന്നു. നമ്മുടെ ജീവിതത്തിലും ദൈവം അനേക സന്ദർഭങ്ങളിൽ നമ്മുടെ വിലാപത്തെ നൃത്തമാക്കുകയും രട്ട് അഴിച്ച് സന്തോഷം ഉടുപ്പിക്കുകയും ചെയ്തത് നാം മൗനമായിരിക്കാതെ ദൈവത്തിന് സ്തുതി പാടുവാനാണ്.