‘സങ്കീർത്തന ധ്യാനം’ – 77
പാ. കെ. സി. തോമസ്
‘എളിയവനെ രക്ഷിക്കുന്ന ദൈവം’, സങ്കീ : 35:10
എളിയവനെ സഹായിക്കാൻ പൊതുവെ ആരും ഇല്ലാത്ത ലോകത്തിലാണ് നാം ജീവിക്കുന്നത്. ദരിദ്രനായവനെ അവഗണിക്കുന്ന ലോകമാണിത്. എന്നാൽ വളരെ സന്തോഷവും പ്രത്യാശ നൽകുന്ന അനുഭവങ്ങളാണ് ദാവീദ് തന്റെ ജീവിത അനുഭവത്തിലൂടെ എഴുതിയത്. ദാവീദ് അനേക അനുഭവങ്ങളിലൂടെ കടന്ന് പോയ ഒരു ദൈവഭക്തനായിരുന്നു. ആട്ടിടയനായിരുന്ന ദാവീദ്. അപ്പനും അമ്മയും ഉപേക്ഷിച്ചവനായി തീർന്ന സമയം ഉണ്ട്. വീടും കൂടും നാടും ഇല്ലാതെ അലഞ്ഞ് നടക്കേണ്ട കാലങ്ങളും തനിക്കുണ്ടായി. ഗുഹകളിലും മരുഭൂമിയിലും വനങ്ങളിലുമായി രാപാർത്തു. കടമുള്ളവരും ഞെരുക്കമുള്ളവരും സന്തുഷ്ടിയില്ലാത്തവരുമായ ചില ആളുകൾ തന്നോടൊപ്പം ചേർന്നു. തനിക്കും കൂടെയുള്ളവർക്കും ആഹാരത്തിന് പോലും വകയില്ലാത്ത ദാരിദ്ര്യ അവസ്ഥയിൽ ആയി ത്തീർന്ന സമയം ഉണ്ട്. നാബാലിന്റെ വീട്ടിൽ ആടിന്റെ രോമം കത്രിക്കുന്ന അടിയന്തരം നടക്കുന്നു എന്നറിഞ്ഞ് ആഹാരം ചോദിക്കുവാൻ കൂടെയുള്ളവരെ അയച്ച സമയം വരെ ഉണ്ടായി. ഞാനോ എളിയവനും ദരിദ്രനുമാകുന്നുയെന്ന് ദാവീദ് എഴുതത്തക്ക നിലയിൽ ദാരിദ്ര്യവും എളിയ അവസ്ഥയിൽ കഴിയുന്ന അനുഭവങ്ങളും ദാവീദിനുണ്ടായിട്ടുണ്ട്. എന്നാൽ ആ സമയങ്ങളിലൊന്നും ദാവീദ് ദൈവത്തിലുള്ള ആശ്രയവും വിശ്വാസവും കൈവിട്ടില്ല. ഞാനോ എളിയവനും ദരിദ്രനുമാകുന്നുയെങ്കിലും എന്നെ ഓർക്കുന്ന എനിക്ക് വേണ്ടി കരുതുന്ന ദൈവം ജീവിക്കുന്നുയെന്ന് ദാവീദ് വിശ്വസിച്ചു. അത് കൊണ്ട് ദൈവത്തിന്റെ സഹായം പ്രയാസവേളകളിൽ അനുഭവിക്കുവാൻ ഭാഗ്യം ലഭിക്കുകയും ചെയ്തു.
ദാവീദിന് എതിരായി നിന്ന് പോരാടിയവർ തന്നിലും ബലമേറിയവർ ആയിരുന്നു. എന്നോട് വാദിക്കുന്നവരോട് വാദിക്കേണമേ, എന്നോട് പൊരുതുന്നവരോട് പൊരുതേണമേ എന്ന് ദാവീദ് പ്രാർത്ഥിച്ചതായി ഒന്നാം വാക്യത്തിൽ കാണുന്നു. ദൈവത്തിലുള്ള ദാവീദിന്റെ വിശ്വാസത്തിന്റെയും ആശ്രയത്തിന്റെയും തെളിവായിരുന്നു ആ പ്രാർത്ഥന. തന്നോട് പോരാടിയ മല്ലനായ ഗോല്യാത്തും, ശൗൽ രാജാവും, അബീമേലെക്കും, അമാലേക്യരും ഒക്കെ ദാവീദിനെക്കാൾ ബലമേറിയവർ ആയിരുന്നു. അവരുടെ മുൻപിൽ ദാവീദ് വെറും എളിയവൻ മാത്രമായിരുന്നു. ശക്തമായവരുടെ കൈയ്യിൽ നിന്നും എളിയവന് ലഭിച്ച വിടുതൽ സ്രേഷ്ടമായിരുന്നത് കൊണ്ടാണ് ഒരു സങ്കീർത്തനം പാടി ദൈവത്തിന് ദാവീദ് മഹത്വം കൊടുത്തത്. ഗൊല്യാത്തിന് ബലവും ശക്തിയും ആയുധങ്ങളും ഉണ്ടായിരുന്നു. അമാലേക്യർ ഒരു സംഘടിത ശക്തിയായിരുന്നു. എന്നാൽ ഇതിൽ നിന്നെല്ലാം എളിയവനെ ദൈവം രക്ഷിച്ചു. എളിയവനെ രക്ഷിക്കുന്ന ഒരു ദൈവം ജീവിക്കുന്നു. ഒരു യോഗ്യതയും പറയാനില്ലാത്ത എളിയവരാണ് നാം എന്ത് വന്നാലും നമ്മെ സഹായിക്കുന്ന, നമ്മെ രക്ഷിക്കാൻ വരുന്ന ഒരു ദൈവം ഉണ്ട് എന്നത് വളരെ സന്തോഷം നൽകുന്ന അനുഭവമാണ്. നാം അവനിൽ ആശ്രയിച്ച് പ്രാർത്ഥിച്ചാൽ മതി.
ദരിദ്രനായി തീർന്ന ദാവീദിനെ കവർച്ചക്കാരുടെ കൈയിൽ നിന്നും ദൈവം രക്ഷിച്ചു. അന്യദേശമായ ഗത്തിൽ, സിക്ലാഗിൽ ഫെലിശ്ത്യ രാജാവായ ആഖീശിന്റെ ആശ്രിതനായി ദാവീദ് കഴിഞ്ഞ സമയത്ത് അമാലേക്യർ സിക്ലാഗ് ആക്രമിച്ച് കവർച്ച ചെയ്ത് ദേശത്തെ ചുട്ടു കളഞ്ഞു. സ്ത്രീകളെയും കുട്ടികളെയും പിടിച്ചു കൊണ്ട് പോയി. താമസസ്ഥലം ചുട്ടു കരിച്ചു. കവർച്ചക്കാർ നിമിത്തം എല്ലാം നഷ്ട്ടപ്പെട്ട് ഏറ്റവും ദരിദ്രനായി ദാവീദ് തീർന്ന സമയം ആയിരുന്നു അത്. ദാവീദ് കഷ്ടത്തിലായി തീർന്ന ആ സമയത്തും ദാവീദ് ദൈവത്തിലുള്ള ആശ്രയവും വിശ്വാസവും വിട്ട് കളഞ്ഞില്ല. ദാവീദ് തന്റെ ബലമായ യഹോവയിൽ ധൈര്യപ്പെട്ടു. ബലമില്ലാതെ ആകുവോളം ഉറക്കെ കരഞ്ഞു. ദൈവം കവർച്ചക്കാരന്റെ കയ്യിൽ നിന്നും ദാവീദിനെ വിടുവിച്ചു. അമാലേക്യർ അപഹരിച്ചു കൊണ്ട് പോയതൊക്കെയും ദാവീദ് വീണ്ട് കൊണ്ടുവന്നു എന്ന് പറയത്തക്ക നിലയിൽ ദൈവം ദാവീദിനെ കവർച്ചക്കാരുടെ കയ്യിൽ നിന്നും വിടുവിച്ചു.
ദൈവജനത്തിന്റെ പ്രതിയോഗിയായ പിശാച് അലറുന്ന സിംഹമെന്ന പോലെ ആരെ വിഴുങ്ങേടുയെന്ന് ചുറ്റിതിരിഞ്ഞു നടക്കുന്നു. ശത്രുവിന് എത്ര ബലമുണ്ടെങ്കിലും ശക്തിയുണ്ടെങ്കിലും ആയുധങ്ങളോ തന്ത്രങ്ങളോ ഉണ്ടെങ്കിലും ദൈവജനം അധൈര്യപ്പെടേണ്ട കാര്യമില്ല. എളിയവനെ തന്നിലും ബലമേറിയവന്റെ കയ്യിൽ നിന്നും രക്ഷിക്കുന്ന ദൈവമുണ്ട്. അവനിൽ ആശ്രയിക്കുകയും വിശ്വസിക്കുകയും ചെയ്താൽ മതി. കവർച്ച ചെയ്യാൻ നടക്കുന്നവനാണ് പിശാച്. അറുക്കുവാനും, മോഷ്ടിക്കുവാനും, മുടിക്കുവാനും, കവർച്ചക്കാരനായ പിശാച് വരുന്നു. ഇന്ന് പലരുടെയും ആത്മീയവും ഭൗതീകവുമായ പലതും അവൻ കവർച്ച ചെയ്ത് കൊണ്ട് പോയി. എന്നാൽ ദാവീദിനെ പോലെ ദൈവത്തിൽ ആശ്രയിച്ച് ബലം ഇല്ലാതാകുവോളം കരഞ്ഞു നിലവിളിച്ചാൽ ശത്രു കവർച്ച ചെയ്തതൊക്കെയും മടക്കി തരികയും കവർച്ചക്കാരന്റെ കയ്യിൽ നിന്നും വിടുവിക്കുകയും ചെയ്യും. ദൈവം രക്ഷിക്കുന്ന ദൈവമാണെന്ന് അനുഭവമുള്ള സകലരും പറയും. ഇവിടെ തന്റെ അസ്ഥികൾ ഒടിയാമായിരുന്നു. തകർന്ന് പോകാമായിരുന്നു. കവർച്ചക്കാരന്റെ അക്രമത്തിലും അങ്ങനെ സംഭവിക്കാമായിരുന്നു. എന്നാൽ അസ്ഥികൾ ഒന്നും ഒടിയാതെ ദൈവം സൂക്ഷിച്ചുവെന്ന് മനുഷ്യർക്ക് മാത്രമല്ല അവരുടെ ഓരോ അവയവങ്ങൾക്കും സാക്ഷ്യം പറയാൻ കഴിയും.