‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 15
പാ. വി. പി. ഫിലിപ്പ്
പിന്നെന്ത് കൊണ്ട് നെഹെമ്യാവ് പ്രാർത്ഥിച്ചു ? യെരുശലേമിന്റെ മതിലുകൾ ഇടിഞ്ഞും, വാതിലുകൾ തീവച്ച് ചുട്ടും തകർന്ന് കിടക്കുന്ന സംഭവം പെട്ടെന്നുണ്ടായ ഒന്നല്ല. പഴയനിയമ പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ ഈ സംഭവം ഉണ്ടായിട്ട് 142 വർഷം കഴിഞ്ഞിരുന്നു. ആ വാർത്ത കേട്ടതിന്റെ പ്രതികരണമായിരുന്നില്ല നെഹെമ്യാവിന്റെ പ്രാർത്ഥന. മറിച്ച് യെരുശലേമിൽ ദൈവപ്രവർത്തിയുടെ സമയമായെന്നും, ആ നിയോഗം തന്നിലാണെന്നും നെഹെമ്യാവിന്റെ ഉള്ളിൽ ദൈവാത്മാവ് ബോധ്യം നൽകിയപ്പോൾ അദ്ദേഹം മുഴങ്കാലിൽ ഇരുന്നു.
ദൈവമനുഷ്യൻ കാലങ്ങളെയും സമയങ്ങളെയും വിവേചിക്കുന്നവനായിരിക്കണം. ദൈവത്തിന്റെ ആത്മാവ് നൽകുന്ന സൂചനകൾ വ്യാഖ്യാനിക്കുവാൻ അവന് കഴിയേണം. പ്രവാസത്തിൽ കിടന്നിരുന്ന യിസ്രായേൽ ജനം രണ്ട് ഘട്ടമായി യെരൂശലേമിലേക്ക് മടങ്ങി കഴിഞ്ഞിരുന്നു. ഒന്നാം ഘട്ടം ബി. സി. 537 ൽ സെർബ്ബാബേലിൽന്റെ നേതൃത്വത്തിലും, രണ്ടാം ഘട്ടം ബി. സി. 458 ൽ എസ്രായുടെ നേതൃത്വത്തിലുമായിരുന്നു. മൂന്നാം സംഘത്തിന് നേതൃത്വം കൊടുക്കേണ്ട വ്യക്തിയാണ് താനെന്ന് നെഹെമ്യാവിന്റെ അന്തരാത്മാവിൽ ഒരു ഉൾവിളി ഉണ്ടായിരുന്നു. ആയ ഉൾവിളി സ്വീകരിക്കുന്നതിന് വേണ്ടിയാണ് താൻ മുഴങ്കാലിൽ ഇരുന്നത്.
പ്രാർത്ഥനയുടെ പ്രധാന തത്വങ്ങൾ
മുഴങ്കാലുകളുടെ വരമാണ് പ്രാർത്ഥന. നെഹെമ്യാവിന്റെ പ്രാർത്ഥനയിൽ നിറഞ്ഞ് നിൽക്കുന്ന സന്ദേശങ്ങൾ ഏറെയാണ്. ഒന്നാമദ്ധ്യായം 5 -)o വാക്യത്തിൽ തുടങ്ങുന്ന പ്രാർത്ഥന 11 -)o വാക്യം വരെ നീണ്ട് നിൽക്കുന്നു. നെഹെമ്യാവിന്റെ പ്രാർത്ഥനയിലെ പ്രധാന തത്വങ്ങൾ എന്തെല്ലാമായിരുന്നു.
ഒന്ന് : ആരോടാണ് പ്രാർത്ഥിക്കുന്നത്
നെഹെമ്യാവിന്റെ ദൈവത്തെ അഭിസംബോധന ചെയ്യുന്നത് വളരെ പ്രത്യേകമായിട്ടാണ്. “സ്വർഗ്ഗത്തിലെ ദൈവമായ യഹോവേ, നിന്നെ സ്നേഹിച്ചു നിന്റെ കല്പനകളെ പ്രമാണിക്കുന്നവർക്ക് നിയമവും ദയയും പാലിക്കുന്ന മഹാനും ഭയങ്കരനുമായ ദൈവമേ …” (1:15). നെഹെമ്യാവ് ദൈവത്തെ വലുതായി കണ്ടു. ദൈവത്തെ മഹാനായി കണ്ടു. ദൈവത്തെ ദയാലുവായി കണ്ടു. ദൈവത്തെ ഭയങ്കരനായി കണ്ടു. ദൈവമനുഷ്യന്റെ വിജയരഹസ്യം അവൻ തന്റെ ദൈവത്തെ വലുതായി കാണുന്നതാണ്. നാം ദൈവത്തോട് പ്രാർത്ഥിക്കുമ്പോൾ അവിടുത്തെ സർവ്വശക്തിയും, സർവ്വസാന്നിധ്യവും, സർവ്വജ്ഞാനവും, സർവ്വനീതിയും, സർവ്വസാധ്യതകളും മനസ്സിലാക്കണം. പ്രാർത്ഥനാ വിഷയങ്ങളല്ല വലുത് പ്രാർത്ഥന കേൾക്കുന്ന ദൈവമാണ് വലുത്.
രണ്ട് : ആരാണ് പ്രാർത്ഥിക്കുന്നത്
നെഹെമ്യാവ് ദൈവത്തിന്റെ മുൻപാകെ തന്നെ ചെറിയവനായി ചിത്രീകരിക്കുന്നു. ചെറിയവൻ ആണെങ്കിലും അവൻ പ്രാർത്ഥിക്കുന്നവനാണ്. “നിന്റെ ദാസന്മാരായ യിസ്രായേൽമക്കൾക്കു വേണ്ടി രാവും പകലും നിന്റെ മുമ്പാകെ പ്രാർത്ഥിക്കയും യിസ്രായേൽമക്കളായ ഞങ്ങൾ നിന്നോടു ചെയ്തിരിക്കുന്ന പാപങ്ങളെ ഏറ്റുപറകയും ചെയ്യുന്ന അടിയന്റെ പ്രാർത്ഥന കേൾക്കേണ്ടതിന്ന് ….” (1:6). പ്രാർത്ഥന നെഹെമ്യാവിന്റെ പെട്ടെന്നുള്ള ആവശ്യം നിറവേറുന്നതിന് വേണ്ടിയുള്ള മാർഗ്ഗമായിരുന്നില്ല. മുന്പും താൻ പ്രാർത്ഥിച്ചിട്ടുണ്ട്. ചുരുക്കത്തിൽ ദൈവത്തോട് പ്രാർത്ഥിക്കുന്നതിന് നെഹെമ്യാവിന് തടസ്സങ്ങൾ ഉണ്ടായിരുന്നില്ല.
മൂന്ന് : പാപങ്ങൾ ഏറ്റ് പറഞ്ഞു
പാപം മറച്ചുകൊണ്ടുള്ള പ്രാർത്ഥന ദൈവം കേൾക്കുകയില്ല. നെഹെമ്യാവ് തന്റെ പ്രാർത്ഥനയിൽ തന്റെയും, തന്റെ പിതൃഭവനത്തിന്റെയും പാപങ്ങൾ ഏറ്റ് പറഞ്ഞു. ” ഞങ്ങൾ നിന്നോട് ഏറ്റവും വഷളത്വമായി പ്രവർത്തിച്ചിരിക്കുന്നു” (വാക്യം 7) എന്ന് നെഹെമ്യാവ് സമ്മതിക്കുന്നു. സങ്കീർത്തനത്തിൽ ദാവീദ് ഇങ്ങനെ പറയുന്നു “എന്റെ ലംഘനങ്ങളെ യഹോവയോടു ഏറ്റു പറയും എന്നു ഞാൻ പറഞ്ഞു; അപ്പോൾ നീ എന്റെ പാപത്തിന്റെ കുറ്റം ക്ഷമിച്ചുതന്നു. ഇതുനിമിത്തം ഓരോ ഭക്തനും കണ്ടെത്താകുന്ന കാലത്തു നിന്നോടു പ്രാർത്ഥിക്കും” സങ്കീ : 32:5,6. “ഞാൻ എന്റെ ഹൃദയത്തിൽ അകൃത്യം കരുതിയിരുന്നുവെങ്കിൽ കർത്താവ് കേൾക്കായില്ലായിരുന്നു …” വിപ്ലവകരമായ പ്രാർത്ഥനയിങ്കലേക്ക് നയിച്ചത് പാപങ്ങളുടെ ഏറ്റ് പറച്ചിലാണ്. നെഹെമ്യാവിന്റെ പ്രാർത്ഥനയുടെ വിജയരഹസ്യം പാപങ്ങൾ ഏറ്റ് പറഞ്ഞുവെന്നതാണ്.