‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 21
പാ. വി. പി. ഫിലിപ്പ്
ക്രിസ്തുവിലുള്ള ജീവിതം
വിജയ ജീവിതത്തിന്റെ ഒന്നാമത്തെ തത്വം ക്രിസ്തുവിൽ ജീവിക്കുക എന്നതാണ്. 2 കോരി : 2:14 ൽ “ക്രിസ്തുവിൽ ഞങ്ങളെ ഇപ്പോഴും ജയോത്സവമായി നടത്തുകയും … ” എന്നുള്ള പ്രയോഗം വളരെ ശ്രദ്ധേയമാണ്. റോമൻ പട്ടാളത്തിന്റെ വിജയഗാഥയുടെ പശ്ചാത്തലത്തിലാണ് പൗലോസ് ഈ വാക്ക് ഉപയോഗിക്കുന്നത്. വലിയ യുദ്ധങ്ങളിൽ ശത്രുവിനെ കീഴടക്കുന്ന റോമൻ പടയാളികളെ വിജയ നേട്ടത്തിനൊടുവിൽ സ്വീകരിച്ചു കൊണ്ട് ജാഥയായി റോമിലൂടെ നയിക്കുന്നു. ഈ വിജയാഘോഷത്തിന് മുൻപിൽ ജയിച്ച പടയാളികളും തൊട്ട് പിന്നാലെ തടവുകാരും ഉണ്ട്. തടവുകാർ അപമാനിതരാകുമ്പോൾ വിജയിച്ച പടയാളികൾക്ക് ആദരവും ലഭിക്കുന്നു. ഇ വിജയജാഥയിലെ വിജയിച്ച പടയാളിയാണ് പൗലോസ്. പടത്തലവൻ ക്രിസ്തുവാണ്. അത് കൊണ്ടാണ് ക്രിസ്തുവിലുള്ള ജയോത്സവ ജീവിതത്തെ കുറിച്ച് പൗലോസ് ഊന്നി പറയുന്നത്.
യേശു പറയുന്നു : “എന്നിൽ വസിപ്പിൻ; ഞാൻ നിങ്ങളിലും വസിക്കും; കൊമ്പിന്നു മുന്തിരവള്ളിയിൽ വസിച്ചിട്ടല്ലാതെ സ്വയമായി കായ്പാൻ കഴിയാത്തതുപോലെ എന്നിൽ വസിച്ചിട്ടല്ലാതെ നിങ്ങൾക്കു കഴികയില്ല”(യോഹ : 15:4). പൗലോസ് ഇതേ ആശയം തന്നെ ഗലാത്യർക്കുള്ള ലേഖനത്തിൽ കുറേകൂടി വ്യക്തമാക്കുന്നു. “ഞാൻ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഇനി ജീവിക്കുന്നതു ഞാനല്ല ക്രിസ്തുവത്രേ എന്നിൽ ജീവിക്കുന്നു” (ഗലാ : 2:20)
ദൈവത്തിന്റെ പരിജ്ഞാനം വെളിപ്പെടുത്തുന്ന ജീവിതം
“ഞങ്ങളെകൊണ്ട് തന്റെ പരിജ്ഞാനത്തിന്റെ വാസന വെളിപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിന് സ്തോത്രം” വിജയകരമായ ക്രിസ്തീയ ജീവിതത്തിന്റെ പ്രധാനമായ തെളിവുകളിലൊന്ന് ദൈവത്തിന്റെ പരിജ്ഞാനത്തിന്റെ വാസന വെളിപ്പെടുത്തുന്നു എന്നതാണ്. 14 – )o വാക്യത്തിലെ ‘വാസന’ (Fragrance) എന്ന പദം ഗ്രീക്കിലെ ‘ഓസ്‌മേ’ എന്ന പദത്തിൽ നിന്ന് വന്നിട്ടുള്ളതാണ്. സുഗന്ധം പരത്തുന്നതും അല്ലാത്തതുമായ വാസനയെ ഇ പദം സൂചിപ്പിക്കുന്നു. എന്നാൽ തന്റെ സന്ദേശം കുറേക്കൂടെ വ്യക്തമാക്കുവാൻ അടുത്ത വാക്യത്തിൽ ‘യൂഡിയാ’ (Euodia) എന്ന പദം പൗലോസ് ഉപയോഗിക്കുന്നു. സൗരഭ്യവാസന എന്ന അർത്ഥമാണ് അതിനുള്ളത്. ദൈവത്തിന്റെ പരിജ്ഞാനം നമ്മിൽ പ്രകടമാക്കുമ്പോൾ അത് പ്രത്യേകതയുള്ള ജീവിതമായിത്തീരുന്നു.
ക്രിസ്തുവിൽ സൗരഭ്യവാസനായ ജീവിതം
യേശുക്രിസ്തു സൗരഭ്യവാസനയായി തീർന്നത് തന്റെ ത്യാഗബലിയിലൂടെയാണ്. ക്രിസ്തുവും നിങ്ങളെ സ്നേഹിച്ചു നമുക്ക് വേണ്ടി തന്നെത്താൻ ദൈവത്തിന് സൗരഭ്യവാസനായ വഴിപാടും യാഗവുമായി അർപ്പിച്ചത് പോലെ സ്നേഹത്തിൽ നടപ്പിൻ (എഫെ : 5:2). യേശുക്രിസ്തുവിന്റെ ക്രൂശ് മരണത്തിൽ തന്റെ ശരീരം സൗരഭ്യവാസനയായി എരിഞ്ഞ് തീരുകയായിരുന്നു.
സൗരഭ്യവാസന എന്ന മഹത്തായ ആശയത്തിന് മൂന്ന് പ്രധാന പശ്ചാത്തലങ്ങളുണ്ട്. ഒന്ന് പഴയനിയമ പശ്ചാത്തലം. യഹൂദന്മാർ യഹോവയ്‌ക്ക് അർപ്പിക്കുന്ന സൗരഭ്യവാസന (ലേവ്യ : 23:18, സംഖ്യാ :28:1-6). രണ്ട്, ജാതീയ പശ്ചാത്തലം. ജാതികൾ അവരുടെ ദൈവങ്ങൾക്ക് അർപ്പിക്കുന്ന ധൂപവർഗ്ഗത്തിന്റെ വാസന, മൂന്ന് ചരിത്ര പശ്ചാത്തലം. റോമൻ പട്ടാളക്കാരുടെ വിജയഗാഥയുടെ ഒടുവിൽ അവർ ജൂയിപീറ്റർ ക്ഷേത്രത്തിൽ എത്തിച്ചേരുന്നു. അവിടെ അർപ്പിക്കുന്ന ധൂപവർഗ്ഗത്തിന്റെ വാസന. ഓരോ ദൈവപൈതലും യേശുക്രിസ്തുവിന് വേണ്ടി സൗരഭ്യവാസനായി തീരേണ്ടവരാണ്. ആ പരിമളം മറ്റുള്ളവരെ ക്രിസ്തുവിലേക്ക് നയിക്കുന്നു. വിശുദ്ധ പൗലോസ് വിതറിയ പരിമളത്തിന്റെ വാസന അനേകരെ ക്രിസ്തുവിങ്കലേക്ക് ആനയിച്ചു.