‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (153)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
ഇങ്ങനെയുള്ള ചോദ്യത്തിന് പൗലോസിന്റെ പതിവായ ഉത്തരം യിസ്രായേലിനെ തള്ളിക്കളഞ്ഞിട്ടില്ല എന്നാണ്. ഇതിന് താൻ തന്നെയാണ് ഉദാഹരണം. അങ്ങനെ പറയാൻ തന്നെ പ്രേരിപ്പിച്ച പഴയനിയമ പ്രവചനങ്ങൾ അനവധിയാണ്. അബ്രഹാമിന്റെ സന്തതിയിൽ ബെന്യാമീൻ ഗോത്രത്തിൽ ജനിച്ചവൻ (ഫിലി : 3:5). താൻ ജാതികളുടെ അപ്പോസ്തോലനായി വിളിക്കപ്പെട്ടെങ്കിലും താൻ ഒരു യിസ്രായേല്യൻ തന്നെയെന്നുള്ളത് മറക്കരുതെന്ന് വായനക്കാരെ ഉറപ്പിക്കുന്നു. അവൻ അബ്രഹാമിന്റെ സന്തതിയും ബെന്യാമീൻ ഗോത്രക്കാരനുമാണ്. പ്രത്യേകിച്ചും പ്രവാസത്തിന് ശേഷം, യഹൂദയും ബെന്യാമീനും ആയിരുന്നു ദൈവീക ഭരണത്തിലുള്ള ജനത്തിന്റെ പ്രതിനിധികൾ.
11:2 ദൈവം മുന്നറിഞ്ഞിട്ടുള്ള ജനത്തെ തള്ളിക്കളഞ്ഞിട്ടില്ല. മുൻ പറഞ്ഞ വാചകത്തിന്റെ വിശദീകരണം അറിയുന്നില്ലയോ ? (6:3, 16:7, 1 കോരി :3:16, 5:6). യിസ്രായേലിന്റെ ഭാഗികഗ്രഹണം, തന്റെ ജനത്തിന്റെ പൂർണ്ണമായ ഉപേക്ഷണമായി ഗ്രഹിക്കരുത്. (ആമോസ് : 3:2). ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട മുഴു യിസ്രായേലും രക്ഷിക്കപ്പെടും എന്ന് ഈ അദ്ധ്യായത്തിൽ പൗലോസ് വെളിപ്പെടുത്തുന്നു.
11:3,4 ‘അവൻ യിസ്രായേലിന് വിരോധമായി ദൈവത്തോട് വാദിക്കുമ്പോൾ …”വാദിക്കുമ്പോൾ’ എന്നത് ‘പക്ഷപാദം ചെയ്യുമ്പോൾ’ എന്ന് വായിക്കണം. ‘കർത്താവെ …. ജീവഹാനി വരുത്തുവാൻ നോക്കുന്നു’ (1 രാജ : 19:10,14). പൊതുവായ പിന്മാറ്റത്തിൽ യിസ്രായേലിനെതിരായി ഏലിയാവ് പ്രാർത്ഥിക്കുമ്പോൾ, ദൈവം നൽകുന്ന അത്ഭുതകരമായ പ്രത്യുത്തരം നോക്കുക. “ബാലിന് മുട്ട് കുത്താത്ത ……. ഏഴായിരം പേരെ എനിക്കായി ശേഷിപ്പിച്ചിരിക്കുന്നു” (1 രാജ :19:18). യിസ്രായേൽ പൊതുവെ പിന്മാറ്റത്തിലാണെങ്കിലും ബാൽ ആരാധനയിൽ നിന്ന് ദൈവം തനിക്കായി ഒരു ശേഷിപ്പിനെ സൂക്ഷിച്ചിരിക്കുന്നു. ദൈവം തന്റെ ജനത്തെ തള്ളിക്കളഞ്ഞിട്ടില്ല എന്ന് തെളിയിക്കാനാണിത് പറയുന്നത്. മുഴുവൻ പിണ്ഡത്തിൽ നിന്ന് ഒരു ശേഷിപ്പിന്റെ രക്ഷ, ജനം ഒരു ജനതയായി തള്ളിക്കളയപെട്ടിട്ടില്ല എന്നുള്ളതിന്റെ മതിയായ തെളിവാണ്.
11:5 കൃപയാലുള്ള തിരഞ്ഞെടുപ്പിൻ പ്രകാരം ഒരു ശേഷിപ്പുണ്ട്. ക്രിസ്ത്യാനിത്വത്തിലേക്ക് ആദ്യം തിരിഞ്ഞുവന്നവരെല്ലാം യഹൂദന്മാരായിരുന്നു. യിസ്രായേലിലെ ഭൂരിഭാഗവും സുവിശേഷം നിരാകരിച്ചെങ്കിലും തിരഞ്ഞെടുക്കപ്പെട്ട ശേഷിപ്പിന്റെ ആസ്തിക്യം, ദൈവത്തിന്റെ പ്ലാൻ വിഫലമായില്ല എന്ന് തെളിയിക്കുന്നു. മതപരമായ ഭ്രംശത്തിന്റെ നാളുകൾ ഒരു കാര്യം തെളിയിക്കുന്നു. വിശ്വസിക്കുന്ന ശേഷിപ്പ്, കൃപയാലുള്ള തിരഞ്ഞെടുപ്പനുസരിച്ചുള്ള ശേഷിപ്പാണ്. എല്ലാ കാലത്തും ദൈവതി ഒരു ശേഷിപ്പുണ്ടായിരിക്കും.