‘സഫലമീ യാത്ര…’ – (56)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
രാജാവിന്റെ നിറം
തായ്ലൻഡ് രാജ്യം ഇന്നും രാജാക്കന്മാരുടെ ഭരണത്തിൻ കീഴിലാണ്. തായ് രാജാക്കന്മാരുടെ പ്രിയപെട്ട നിറം മഞ്ഞയാണ്. രാജകീയ നിറം. രാജാക്കന്മാരോടുള്ള പ്രതിബദ്ധതയുടെ സൂചകമായി അവിടെയുള്ള ജനങ്ങൾ എല്ലാ തിങ്കളാഴ്ചയും തിളങ്ങുന്ന മഞ്ഞ നിറമുള്ള ഷർട്ടുകളാണ് ധരിക്കുന്നത്.
തങ്ങൾക്ക് വേണ്ടി ജീവൻ നൽകി ദൈവമക്കളാക്കിയ രാജാധി രാജാവും, കർത്താവുമായ യേശുക്രിസ്തുവിനോടുള്ള കൃതജ്ഞതയും പ്രതിബദ്ധതയും സൂചിപ്പിക്കുന്നതിനായി നാമും രാജാവിന്റെ പ്രിയ നിറം ധരിക്കുന്നവരാകേണം. നമ്മുടെ രാജാവിനോടുള്ള പ്രതിബദ്ധത പ്രകടിപ്പിക്കുവാൻ നാം എന്ത് നിറമാണ് ധരിക്കേണ്ടത് ?
ക്രൂശീകരണത്തിന് തലേ ദിവസം വിരിച്ചൊരുക്കിയ മാളിക മുറിയിൽ ഇരിക്കുമ്പോൾ, നാം അവന്റെ ശിഷ്യരെന്ന് ലോകം അറിയുവാൻ എന്ത് ധരിക്കേണം എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. “എന്നാൽ നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്ന് എല്ലാവരും അറിയും”. (യോഹ : 13:35) ആ കൂട്ടത്തിൽ ഉണ്ടായിരുന്ന യോഹന്നാൻ അപ്പോസ്തോലൻ അത് ഉറപ്പിക്കുന്നു. “പ്രിയമുള്ളവരേ, ദൈവം നമ്മെ ഇങ്ങനെ സ്നേഹിക്കുന്നു എങ്കിൽ നാമും അന്യോന്യം സ്നേഹികേണ്ടതാകുന്നു” (1 യോഹ : 4:11)
നമ്മുടെ സഹോദരങ്ങളെ, യേശു സ്നേഹിച്ചത് പോലെ നാം സ്നേഹിക്കുമ്പോൾ, കേവലം കരുതലോ, കരുണയോ കാണിക്കുക മാത്രമല്ല, കർത്താവിനോടുള്ള സ്നേഹവും, ഭക്തിയും, നാം പ്രദർശിപ്പിക്കുകയാണ്. ശ്രദ്ധിക്കുന്ന ഒരു ലോകത്തിന് അതൊരു സാക്ഷ്യമാകട്ടെ.