“അമേരിക്കൻ ജനതയെ ഉള്ളംകരത്തിൽ വഹിക്കുവാൻ ദൈവത്തോട് പ്രാർത്ഥിക്കാം“, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്
അമേരിക്കൻ ജനതയോടുള്ള പ്രസിഡൻഷ്യൽ സന്ദേശത്തിൽ, ‘അമേരിക്കൻ ജനതയെ ഉള്ളംകരത്തിൽ വഹിക്കുവാൻ ദൈവത്തോട് പ്രാർത്ഥിക്കണമെന്ന്’ പ്രസിഡന്റ്, ഡൊണാൾഡ് ട്രംപ് ആഹ്വാനം ചെയ്തു. ശനിയാഴ്ച, വൈറ്റ് ഹൗസ് പുറപ്പെടുവിച്ച വാരാന്ത്യ സന്ദേശത്തിൽ ബൈബിൾ വചനം ഉദ്ധരിച്ച്, “ഓരോരുത്തന്നു വരം ലഭിച്ചതുപോലെ വിവിധമായുള്ള ദൈവകൃപയുടെ നല്ല ഗൃഹവിചാരകന്മാരായി അതിനെക്കൊണ്ടു അന്യോന്യം ശുശ്രൂഷിപ്പിൻ”, (1 പത്രോസ് : 4:10) അദ്ദേഹം തുടർന്നു.
‘കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈസ്റ്റർ ആഘോഷങ്ങൾ പരിമിതമായിരുന്നു. ചില ആഴ്ചകളായി രാജ്യം നേരിടുന്ന അസാധാരണ വെല്ലുവിളികളിൽ മാർഗ്ഗനിർദേശത്തിനും, ആശ്വാസത്തിനും, പ്രത്യാശയ്ക്കുമായി ദൈവത്തിങ്കലേക്ക് നാം തിരിയണം. ഈ പ്രയാസഘട്ടങ്ങളിൽ ക്രിസ്ത്യാനിത്വത്തിന്റെ പ്രധാന തത്വങ്ങളായ സ്നേഹം, അനുകമ്പ, ദയ എന്നിവയ്ക്ക് നാം സാക്ഷികളാണ്. എണ്ണമറ്റ പൗരന്മാർ സഹജീവികളെ സഹായിക്കുവാനായി സ്വമേധയാ തയ്യാറായി. സമയം കൊണ്ടും, സാഹചര്യം കൊണ്ടും പ്രവർത്തിക്കുന്ന ആരോഗ്യമേഖലയിലെ പ്രവർത്തകർ, അനുബന്ധ മേഖലകളിലെ എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു.
കൊറോണ വൈറസിന് ഈസ്റ്ററിനെ തടയുവാൻ കഴിയുകയില്ല. ക്രിസ്തു, മരണത്തെ തോൽപ്പിച്ചതിനാൽ ഏറ്റവും ഇരുളേറിയ വേളകളിലും ക്രിസ്തുവിന്റെ വെളിച്ചം നമ്മെ ജയത്തോടെ നയിക്കും’, അദ്ദേഹം അറിയിച്ചു.
അമേരിക്കയിൽ ഇതുവരെ 5,77,332 പേർക്ക് കൊറോണ വൈറസ് ബാധിക്കുകയും, 23,077 പേർ മഹാമാരിയാൽ മരിക്കുകയും ചെയ്തു.