‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (79)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
അത് പോലെ ദൈവത്തിൽ നിന്നുള്ള വേർപെടൽ ആദാമിന്റെ മരണത്തിന് വഴിതെളിച്ചു. മനുഷ്യന്റെ ഘടനയിൽ മരണം ഉൾപ്പെട്ടിരുന്നില്ല. എന്നാൽ പാപത്തിന്റെ ശിക്ഷാർഹമായ പരിണിത ഫലമാണ് മരണം. (റോമ : 6:23) ആദാം പാപം ചെയ്തില്ലായിരുന്നുവെങ്കിൽ മരിക്കയില്ലായിരുന്നു. മരണം കാണാതെ എടുക്കപെട്ടവരായ ഹാനോക്കിനെയും ഏലീയാവിനെയും പോലെ സ്വർഗ്ഗത്തിലേക്ക് കടക്കാമായിരുന്നു. (ഉല്പ : 5:24, എബ്രാ : 11:5). ‘ഏക മനുഷ്യൻ’, ആദാം അക്ഷരാർത്ഥത്തിൽ ഹവ്വാ മൂലമാണ് പാപം വന്നത് (ഉല്പ : 3:6, 1 തിമോ :2:14). എന്നാൽ ആദാം എന്നാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. പാപത്തിന്റെ പ്രവേശനത്തിന് കാരണമായി സ്ത്രീയുടെ കാര്യം പറയാതെ പുരുഷന്റെ കാര്യം പറഞ്ഞിരിക്കുന്നതിന് താഴെ പറയുന്ന ന്യായങ്ങൾ പറയാം.
i) ഈ സംഭവത്തെ വെളിപ്പെടുത്തുന്ന രീതി ഇതാണ്. മനുഷ്യൻ പാപം ചെയ്തു. മനുഷ്യൻ മരിക്കുന്നു, മനുഷ്യൻ വീണ്ടെടുക്കപെടുന്നു ഇത്യാദി. ലിംഗം എടുത്തു പറയാതെ പൊതുവെ മാതാപിതാക്കൾ എന്ന നിലയെ പറ്റി പറയുകയാണ്.
ii) മനുഷ്യകുലത്തിന്റെ മാതാപിതാക്കന്മാർക്ക് സൃഷ്ടിക്കപ്പെട്ട ആ ദമ്പതികൾക്ക് നൽകപ്പെട്ട പേരാണ് ആദാം. (ഉല്പ : 5:1,2)
iii) പുരുഷനും സ്ത്രീയും അന്യോന്യം ബന്ധപ്പെട്ട കാര്യങ്ങൾ പറയുമ്പോൾ, സ്ഥാനത്തിലുള്ള ഉയർച്ചയും അധികാരവും പരിഗണിച്ച് പുരുഷന്റെ കാര്യമാണ് ആദ്യം പറയുന്നത്.
iv) അപ്പോസ്തോലൻ പറഞ്ഞുവരുന്ന താരതമ്യത്തിൽ ഒരു വശത്ത് പുരുഷനായ ക്രിസതുവിനെക്കുറിച്ച് പറയുന്നത് കൊണ്ട് ആ ഐക്യരൂപം നിലനിറുത്താൻ മറുഭാഗത്ത് ആദാം എന്ന പുരുഷനെ കുറിച്ച് പറഞ്ഞിരിക്കുകയാണ്.
v) സ്ത്രീയുടെ പാപം അതിന്റെ ഫലത്തിൽ പുരുഷന്റെ സമ്മതം കൂടാതെ പൂർണ്ണമല്ല. അവർ അതിൽ യോജിച്ചതാണ് ദോഷത്തിന്റെ കാരണമായി തീർന്നത്. ആ കുറ്റം പൂർത്തീകരിച്ചത് പുരുഷനാകയാൽ വർഗ്ഗത്തിന്റെ ശിരസ്സ് എന്ന നിലയിൽ ആദാമിന്റെ പേര് പറഞ്ഞിരിക്കുകയാണ്.