‘ഇതാ, നോഹയുടെ കാലം’ – 18
പാ. ബി. മോനച്ചൻ, കായംകുളം
10
ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വർദ്ധിച്ച കാലം
“ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വലിയതെന്നും അവന്റെ ഹൃദയവിചാരങ്ങളുടെ നിരൂപണമൊക്കെയും ദോഷമുള്ളതെന്നും യഹോവ കണ്ടു” (ഉല്പ : 6:5)
ഈ കാലത്തിന്റെ അടുത്ത പ്രത്യേകതയാണ് മനുഷ്യന്റെ വർധിച്ച ദുഷ്ടത. മനുഷ്യന്റെ ഹൃദയവിചാരങ്ങളും, നിരൂപണങ്ങൾ പോലും ദോഷമുള്ളൊരു കാലം. ഇതെത്ര ശരിയാണെന്നറിയുവാൻ നമ്മുടെ ബസ്സ്റ്റാന്റുകളിലും, തെരുവോരങ്ങളിലുമുള്ള പെട്ടിക്കടകളിൽ ലഭിക്കുന്ന പത്രമാസികകൾ ശ്രദ്ധിച്ചാൽ മതി. മനുഷ്യന്റെ മനസ്സിന്റെ ദുഷ്ടതയുടെ പ്രതിഫലനമാണ് അതിലെ വാർത്തകൾ. കൂടാതെ ഇന്നത്തെ പൈങ്കിളി വരികകളുടെ പ്രചാരവർദ്ധനവും, മനുഷ്യന്റെ ഹൃദയവിചാരങ്ങൾ ദോഷമുള്ളതെന്ന് തെളിയിക്കുന്നു. ധാർമ്മികമൂല്യങ്ങളെ മുടിച്ച് ലൈംഗിക വൈകൃതങ്ങളും അശ്ലീലവർണ്ണനയും മാത്രം എഴുതുന്ന എഴുത്തുകാരുടെ എണ്ണം വർധിക്കുന്നു. അവർ ആഗോളപ്രശസ്തരായി തീരുന്നു. ലക്ഷങ്ങളുടെയും, കൊടികളുടെയും ഒക്കെ അവാർഡുകൾ അവരെ തേടിയെത്തുന്നു. അവരെ വാനോളം പുകഴ്ത്തുന്നവരുടെയും ആരാധ്യരായി കാണുന്നവരുടെയും എണ്ണം വർധിക്കുന്നു.
സൊദോം പോലെ പാപം പരസ്യമാക്കുന്ന ഒരു തലമുറയാണിത്. “അവർ സൊദോം പോലെ തങ്ങളുടെ പാപത്തെ പരസ്യമാക്കുന്നു. അതിനെ മറയ്ക്കുന്നതുമില്ല. അവർക്ക് അയ്യോ കഷ്ടം ! അവർ തങ്ങൾക്ക് തന്നെ ദോഷം വരുത്തുന്നു” (യെശ :3:9) നമ്മുടെ തെരുവീഥികളിലൂടെ കുടുംബസമേതം പോകുമ്പോൾ കണ്ണുംപൊത്തി നടക്കേണ്ട ഗതികേടിലാണ് നാം. ഇന്നത്തെ സിനിമ പരസ്യങ്ങൾ അത്രയധികം വൃത്തിഹീനമാണ്. എന്തിന്, സിനിമാ പോസ്റ്ററുകളുടെ കാര്യം പറയുന്നു. നിങ്ങളുടെ സ്വീകരണമുറികളിലെ ടി. വി. യിൽ മിന്നിമറയുന്ന പരസ്യങ്ങൾ പോലും എത്ര മ്ലേച്ഛകരമാണ്. ഇന്നത്തെ സുന്ദരീ സുന്ദരന്മാർക്ക് നഗ്നതാ പ്രദർശനം പ്രകടനം ഫാഷനാണ്. സ്വന്തം ശരീരം വിറ്റ് കാശാക്കുന്ന ഇന്നത്തെ സുന്ദരിമാരെ ഓർത്ത് ലജ്ജ കൊണ്ട് മുഖം കുനിയുന്നു. ഇന്നത്തെ ഫാഷൻ പരേഡുകളും, സൗന്ദര്യ മത്സരങ്ങളും, പരസ്യ മോഡലുകളും ഒക്കെ ലോത്തിന്റെയും നോഹയുടെയും കാലത്തെ നമ്മെ ഓർമ്മിപ്പിച്ചുണർത്തുകയാണ്.
ഒരു കാലത്ത് വസ്ത്രം ധരിക്കാത്ത അപരിഷ്കൃതരായ ധാരാളം ആളുകൾ (ആദിവാസികളെ പോലെയുള്ളവർ) ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായിരുന്നു. ക്രിസ്ത്യൻ മിഷനറിമാരുടെ അന്നത്തെ പരിശ്രമത്താൽ വിദ്യാഭ്യാസവും, സംസ്കാരവും വർദ്ധിച്ചപ്പോൾ അവരിൽ പലരും വസ്ത്രം ധരിക്കുവാൻ തുടങ്ങി. ഇന്ന് പരിഷ്കാരത്തിന്റെ അത്യുച്ചകോടിയിൽ വിഹരിക്കുന്നുവെന്ന് പറയുന്ന പച്ചപരിഷ്കാരികൾ ഉടുവസ്ത്രം ഉപേക്ഷിക്കുവാനാരംഭിച്ചിരിക്കുന്നു. ഗദരദേശത്തെ ഭൂതഗ്രസ്തന് സൗഖ്യം വന്നപ്പോൾ അത് വരെ വസ്ത്രം ധരിക്കാതെ നടന്നതിൽ ലജ്ജ തോന്നി. അവൻ വസ്ത്രം ധരിച്ചു. അവന് നഗ്നതാ ബോധം ഉണ്ടായി. വസ്ത്രധാരണത്തിൽ കാണിക്കുന്ന അലംഭാവം ഒരുതരം ലഗ്യോൻ ബാധയാണെന്ന് പറയാം. അങ്ങനെയെങ്കിൽ ഇന്നത്തെ പല സിനിമാനടിമാർക്കും ലോകസുന്ദരികൾക്കും പരസ്യമോഡലുകൾക്കും ഫാഷൻ പരേഡുകാർക്കും ലഗ്യോൻ ബാധിച്ചിരിക്കുകയാണെന്ന് തന്നെ കരുതാം. അമ്മയുടെ ഉദരത്തിൽ നിന്ന് ഉരുവായ നിലയിൽ അല്പവസ്ത്രങ്ങൾ മാത്രം ധരിച്ച് മനുഷ്യന്റെ മൃദുലവികാരങ്ങളെ ഇളക്കത്തക്കവണ്ണം ശരീരഭാഗങ്ങൾ പ്രദർശിപ്പിച്ച് കൊണ്ട് ക്യാമറയ്ക്ക് മുൻപിൽ പോസ് ചെയ്യുകയും അത്തരം വൃത്തിഹീനമായ ചിത്രങ്ങൾ ലക്ഷകണക്കിന് വാരികകളിലും മാസികകളിലും വർത്തമാനപത്രങ്ങളിലും ടി. വി. യിലും പ്രദർശിപ്പിക്കുന്നതിലൂടെ, ഈ സുന്ദരീ സുന്ദരന്മാർ എത്ര ആയിരങ്ങളെയാണ് വഴി തെറ്റിക്കുന്നത്. അതെ, നിങ്ങൾ ലോത്തിന്റെയും നോഹയുടെയും കാലത്തിന്റെ സന്തതികളാണ്.