‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (107)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
“ന്യായപ്രമാണം നിയമമെന്ന നിലയിൽ പാപപരിഹാരത്തിനുള്ള ഏർപ്പാട് ഉൾക്കൊള്ളുന്നില്ല. ക്ഷമിക്കുന്ന കൃപയ്ക്ക് അവിടെ സ്ഥാനമില്ല. അതിന്റെ ആജ്ഞകൾ നിർവഹിക്കാനുള്ള ത്രാണി അത് പ്രദാനം ചെയ്യുന്നില്ല. നമ്മുടെ അകൃത്യം പരിഹരിക്കാനുള്ള നീതീകരണം അവിടില്ല. നമ്മുടെ തന്നിഷ്ടത്തിൽ നിന്ന് വീണ്ടെടുക്കാനുള്ള ശക്തി അതിനില്ല. അനുതാപത്തിലും പുതിയ അനുസരണത്തിലും നമ്മുടെ ഹൃദയങ്ങളെ ഉരുക്കുവാനുള്ള കരുണ അതറിയുന്നില്ല.
ന്യായപ്രമാണത്തിന് കഴിയാത്ത കാര്യങ്ങൾ :
i) നീതീകരിക്കാൻ – അപ്പൊ : 13:38,39; ഗലാ : 2:16
ii) പാപ, മരണത്തിൽ നിന്ന് വിടുവിക്കാൻ – റോമാ : 8:2
iii) ശിക്ഷാവിധിയിൽ നിന്ന് സ്വതന്ത്രമാക്കാൻ – റോമ : 8:1-4
iv) വീണ്ടെടുക്കാൻ – റോമാ : 3:24-31, ഗലാ :3:13,14
v) അവകാശം നല്കാൻ – റോമാ : 4:13-14
vi) നീതീകരണം നല്കാൻ – റോമാ : 8:4
vii) പരിശുദ്ധാത്മാവിനെ നല്കാൻ – ഗലാ :3:2
viii) വീര്യപ്രവർത്തി ചെയ്യാൻ – ഗലാ :3:5
ix) ശാപത്തിൽ നിന്ന് വിടുവിക്കാൻ – ഗലാ : 3:10-14
x) വിശ്വാസം നല്കാൻ – ഗലാ : 3:12
xi) കൃപ നല്കാൻ – ഗലാ :5:4
xii) സമ്പൂർണത നല്കാൻ – എബ്രാ :7:19
xiii) പാപത്തെ നിയന്ത്രിക്കാൻ – റോമാ :7:7-23, 8:2
xiv) പാപത്തിൽ നിന്ന് മനുഷ്യനെ രക്ഷിക്കാൻ – റോമ :7:7-23; 8:7
ദൈവം തന്റെ പുത്രനെ അയയ്ച്ചു
ക്രിസ്തുവാണ് ദൈവത്തിന്റെ പുത്രൻ. അയയ്ക്കപ്പെടുന്നതിന് മുൻപേ ഉണ്ടായിരുന്നവൻ. (യോഹ :1:1). ‘ദൈവത്തിന്റെ സ്വന്ത പുത്രൻ’ എന്ന് പൗലോസ് പ്രയോഗവും ‘ദൈവത്തിന്റെ ഏകജാതനായ പുത്രൻ’ എന്ന യോഹാന്യ പ്രയോഗവും (1 യോഹ :4:9, യോഹ :1:14,18; 3:16,18) ഒന്ന് തന്നെയാണ്. മറ്റെല്ലായിടത്തും എന്ന പോലെ ഇവിടെയും പിതാവായ ദൈവമാണ് മനുഷ്യന്റെ രക്ഷയ്ക്ക് മുൻകൈ എടുക്കുന്നത്. പാപജഡത്തിന്റെ സാദൃശ്യത്തിൽ നമ്മുടെ ജഡത്തെ പോലെ എന്നാൽ ‘പാപം ഒഴികെ'(എബ്രാ :4:15) ‘ജഡം ഉൾകൊള്ളുന്നു’ എന്നത് സംബന്ധിച്ചിടത്തോളം മറ്റുള്ളവരുടേതിന് തുല്യവും, ആ ജഡം പാപജഡമല്ലായിരുന്നു എന്ന് സംബന്ധിച്ചിടത്തോളം വിഭിന്നവും ആയ ഒരു ശരീരത്തിന്റെ ക്രിസ്തു വെളിപ്പെട്ടു. പാപം നിമിത്തവും അയച്ചു. പാപത്തിന് വേണ്ടി അയച്ചു. പാപത്തിന് കൈകാര്യം ചെയ്യാനയച്ചു. ദൈവപുത്രൻ ലോകത്തിലേക്ക് വന്നതിന് പാപത്തിന്റെ യാഥാർഥ്യത്തിൽ നിന്ന് അന്യമായി ഒരു സാംഗത്യവുമില്ല. ഈ ലളിതവും അഗാധവുമായ സത്യത്തിൽ നിന്ന് ഒന്നും നമ്മുടെ ശ്രദ്ധമായ ആകരുത് (1 തിമോ :1:15)