തിരുവല്ല : ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് 100-ാമത് ജനറൽ കൺവൻഷൻ ജനുവരി 23 മുതൽ 29 വരെ തിരുവല്ല ചർച്ച് ഓഫ് ഗോഡ് സ്റ്റേഡിയത്തിൽ നടക്കും. 23 ന് വൈകിട്ട് 5.30ന് ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസീയർ പാ. സി. സി. തോമസ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ‘സ്വാതന്ത്ര്യം ക്രിസ്തുവിലൂടെ’ എന്നതാണ് ഈ വർഷത്തെ കൺവൻഷന്റെ ചിന്താവിഷയം. ശുശ്രൂഷക സമ്മേളനം, പവർ കോൺഫറൻസ്, സഹോദരി സമ്മേളനം, മിഷനറി സമ്മേളനം, വേദപാഠശാലകളുടെ ബിരുദ ദാന സമ്മേളനം, വിവിധ ബോർഡുകളുടെ സംയുക്ത സമ്മേളനം, ഉണർവ് യോഗം, സൺഡേസ്കൂൾ യുവജന സമ്മേളനം എന്നിവ കൺവൻഷനോടനുബന്ധിച്ച് നടക്കും. എല്ലാ ദിവസവും വൈകിട്ട് 5.30 മുതൽ 8.45 വരെ പൊതു സമ്മേളനവും, ജനുവരി 29 ന് രാവിലെ 8 ന് സംയുക്ത സഭായോഗവും ഉണ്ടായിരിക്കും.
സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ സി. സി. തോമസ് (ജനറൽ കൺവീനർ), പാസ്റ്റർമാരായ വൈ. റെജി, ഷിബു .കെ മാത്യു, സജി ജോർജ് (ജോയിന്റ് ജനറൽ കൺവീനർമാർ) എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ കൺവൻഷന്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.
നിലവിൽ കേരളത്തിൽ 1500 ൽ പരം സഭകളുള്ള ചർച്ച് ഓഫ് ഗോഡിന്റെ ജനറൽ കൺവെൻഷൻ 1923-ൽ പമ്പനദിയുടെ മണൽപ്പുറത്ത് ആറാട്ടുപുഴയിൽ അമേരിക്കൻ മിഷനറി റവ. റോബർട്ട് ഫെലിക്സ് കുക്കാണ് ആരംഭം കുറിച്ചത്. ശതാബ്ദി കൺവൻഷനോട് അനുബന്ധമായി ജീവകാരുണ്യ പ്രവർത്തനവും സഭയുടെ മൊത്തത്തിലുള്ള പുരോഗതിയും ലക്ഷ്യമാക്കി ഒരു വർഷമായി ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന കർമ പദ്ധതികൾ പൂർത്തിയായി വരികയാണെന്ന് മീഡിയ ഡയറക്ടർ പാസ്റ്റർ സാംകുട്ടി മാത്യു, മീഡിയ കൺവീനർ പാസ്റ്റർ ഷൈജു തോമസ് ഞാറയ്ക്കൽ, ബിലീവേഴ്സ് ബോർഡ് സെക്രട്ടറി ജോസഫ് മറ്റത്തുകാല എന്നിവർ അറിയിച്ചു.