‘ഇതാ, നോഹയുടെ കാലം’ – 63
പാ. ബി. മോനച്ചൻ, കായംകുളം
യുദ്ധത്തിൽ ആറ്റംബോംബും, ഹൈഡ്രജൻ ബോംബും ഒക്കെ പരീക്ഷിച്ച ലോകം ഇന്ന് രാസായുധങ്ങളും രോഗാണുബോംബുകളും തയ്യാറാക്കിയിരിക്കുന്നു. രോഗാണുബോംബുകളുടെ പ്രത്യേകത, അത് മനുഷ്യജീവനല്ലാതെ മറ്റൊന്നിനും കേട് വരുത്തുന്നില്ല എന്നതാണ്. നെർവ് ഗ്യാസ്, മസ്റ്റർഡ് ഗ്യാസ്, സയനേഡ് ഗ്യാസ്, ക്ലോറിൻ ഗ്യാസ്, ഫോസ്ജിൻ ഗ്യാസ്, തുടങ്ങിയ മാരകവും അപ്പോൾ തന്നെ ചിലവ് കുറഞ്ഞതുമായ രാസായുധങ്ങൾ ലോകരാഷ്ട്രങ്ങൾ കൂട്ടിവച്ചിരിക്കുന്നു (മനോരമ 1991 ജനു.18). നെർവ് ഗ്യാസ് നുരയും പതയും ഛർദ്ദിയും ഉണ്ടാക്കി മനുഷ്യരെ നിമിഷങ്ങൾക്കുള്ളിൽ മരണത്തിന്മേൽപ്പിക്കുന്നു. മസ്റ്റർഡ് ഗ്യാസിനാൽ ഛർദ്ദിൽ, ചൊറിച്ചിൽ, പൊള്ളൽ, അന്ധത തുടങ്ങിയവയും ഒടുവിൽ മരണവും സംഭവിക്കും. അണുവായുധങ്ങൾ പോലെ വസ്തുവകകൾക്ക് നാശം സംഭവിക്കുകയില്ല.
കൂടാതെ ഒരു പ്രദേശം മുഴുവൻ നാശം വിതയ്ക്കുന്ന രോഗാണുബോംബുകളും ഇപ്പോൾ പ്രചാരത്തിലുണ്ട്. വസൂരി, പ്ളേഗ് എന്നീ രോഗങ്ങളുടെ അണുക്കൾ ഒരു ടെസ്റ്റ് ട്യൂബ് നിറയെ ഉണ്ടെങ്കിൽ യൂറോപ്പിലെ ജനതയെ മുഴുവൻ മണിക്കൂറുകൾ കൊണ്ട് നശിപ്പിക്കാം എന്നാണ് കണക്ക്.
രണ്ടാം ലോകമഹായുദ്ധകാലത്ത് യുദ്ധത്തടവുകാരായി പിടിച്ച പട്ടാളക്കാരുടെ മേൽ ജപ്പാൻ രോഗാണുക്കളെ പരീക്ഷിച്ചു നോക്കിയതായി തെളിവുകൾ ഉണ്ട്. ജപ്പാനിൽ തടവിലാക്കപ്പെട്ട ചൈനക്കാരുടെയും മംഗോളിയരുടെയും അമേരിക്കക്കാരുടെയും മേൽ ജാപ്പനീസ് ശാസ്ത്രജ്ഞർ മാരകരോഗങ്ങളുടെ അണുക്കളെ കുത്തിവച്ചു. പിന്നീട് ഇവരെ മൃഗങ്ങളെ പോലെ കൊന്നൊടുക്കുകയും ചെയ്തു.
എന്നാൽ ആ യുദ്ധത്തിൽ ജപ്പാൻ അമേരിക്കയ്ക്ക് മുൻപിൽ കീഴടങ്ങേണ്ടി വന്നു. ജപ്പാൻ പട്ടാളക്കാർ അമേരിക്കയുടെ തടവിലായി. യുദ്ധക്കൊതിയരായ അമേരിക്കക്കാർ രോഗാണുക്കളെക്കുറിച്ച് പരീക്ഷണം നടത്തിയ ജാപ്പനീസ് സൈനികർക്ക് സുരക്ഷാ നൽകി. പകരം ക്രൂരമായ ആ പരീക്ഷണങ്ങളുടെ വിവരങ്ങൾ അടങ്ങുന്ന രേഖകൾ കൈക്കലാക്കുകയും ചെയ്തു. 1950 ൽ നടന്ന കൊറിയൻ യുദ്ധത്തിലും പിന്നീട് ക്യൂബയിലും അമേരിക്ക രോഗാണുക്കളെ വർഷിച്ചതായി ആരോപണം ഉണ്ടായിരുന്നു. രോഗാണുപ്രയോഗം നടത്തി രോഗങ്ങൾ പരത്തി കഴിഞ്ഞാൽ പിന്നെ അവയെ നിയന്ത്രിക്കുവാൻ വിഷമമാണ്. കൂടാതെ ഇത് ഉപയോഗിച്ച രാജ്യത്തെ പട്ടാളക്കാരെ തന്നെ രോഗം ബാധിക്കുവാൻ സാധ്യതയുണ്ട്. ഈ പ്രശ്നനങ്ങളൊക്കെ രോഗാണുയുദ്ധം കൂടുതൽ ഭീകരവും വിഷമകരവും ആക്കുന്നു.
വരാനിരിക്കുന്ന ദിനങ്ങൾ അത്ര സുഖകരമായിരിക്കില്ല എന്ന് സൂചിപ്പിക്കുവാനാണ് ഈ വിവരങ്ങൾ കുറിച്ചത്. അതോടൊപ്പം മനുഷ്യന്റെ നിഷ്ടൂര പ്രവർത്തികൾ എത്ര ഭീകരമെന്ന് ഗ്രഹിക്കുക. പിശാച് മനുഷ്യന്റെ ഉള്ളിൽ കടന്ന് ഭൂമിയെ മനുഷ്യവാസ യോഗ്യമല്ലാതാക്കിക്കൊണ്ടിരിക്കുന്നു. ഇതിന് ഒരു അറുതി വരേണ്ടേ ? രക്ഷിതാവ് ഇത് വെറുതെ നോക്കി കൊണ്ടിരിക്കുമോ ? അവൻ വില്ലൊടിച്ച് കുന്തം മുറിച്ച് തീയിലിട്ട് ചുട്ടുകളയുന്നവനും യുദ്ധങ്ങൾ നിർത്തൽ ചെയ്യുന്നവനുമാണ്. ഈ യുദ്ധശ്രുതികൾ മഹാരാജാവിന്റെ എഴുന്നെള്ളത്തിന്റെ മഹാധ്വനി സൂചിപ്പിക്കുന്ന കാഹളനാദങ്ങളായി തിരിച്ചറിയുക.