‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (139)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
യഹൂദന്മാരിൽ നിന്ന് മാത്രമല്ല ജാതികളിൽ നിന്നും വിളിച്ചു. ‘അവൻ തങ്കലേക്ക് വിളിച്ചവരല്ലാതെ, യഹൂദന്മാരോ ജാതികളോ, കരുണാപാത്രങ്ങളായിരുന്നില്ല. ഇത് ജാതിപരമായല്ല, വ്യക്തിപരമായ തിരഞ്ഞെടുപ്പിനെകുറിച്ചാണ് പറയുന്നതെന്ന് നിസ്തർക്കമായി തെളിയിക്കുന്നു ? കോപപാത്രങ്ങളെ ഉടച്ചുകളയാതെ കരുണാപാത്രങ്ങളാക്കി തീർത്ത കൃപ എത്ര ശ്രെഷ്ടമാണ്. തന്റെ കൃപയുടെ അത്യന്തധനത്തെ വരും കാലങ്ങളിൽ കാണിക്കേണ്ടതിന് ഇതെല്ലാം അവൻ മുന്നൊരുക്കിയതിനാൽ സ്തോത്രം ചെയ്യാം.
ഒരേ വചനം പഠിപ്പിക്കുന്ന രണ്ട് സത്യങ്ങൾ ഒന്ന് കൂടി ഓർപ്പിച്ചു മുന്നോട്ട് പോകാം. ഒന്ന്, തനിക്ക് ഇഷ്ടമുള്ളവരെ തിരഞ്ഞെടുക്കുവാനുള്ള ദൈവത്തിന്റെ സ്വാതന്ത്ര്യം. രണ്ട്, മാനസാന്തരപ്പെട്ട് സുവിശേഷത്തിൽ വിശ്വസിച്ച് ദൈവത്തിന്റെ തിരഞ്ഞെടുക്കപെട്ടവരിൽ ഒരാളായി തീരുവാനുള്ള മനുഷ്യന്റെ ഉത്തരവാദിത്വം.
9:25-29 യിസ്രായേലിന്റെ നിരസനവും ജാതികളുടെ സ്വീകരണവും
ഈ രണ്ട് വിഷയങ്ങൾ പ്രവാചകന്മാർ മുൻപ് കൂട്ടി പറഞ്ഞിരുന്നു എന്ന് അവരുടെ തിരുവെഴുത്തിൽ നിന്ന് പൗലോസ് വ്യക്തമാക്കുന്നു. ദൈവത്തിന്റെ ജനമല്ലാത്തവരെ താൻ സ്വന്തജനമായി സ്വീകരിക്കുമെന്നും അവരെ ദൈവത്തിന്റെ മക്കൾ എന്ന് വിളിക്കാമെന്നും ഹോശയ പറഞ്ഞിരുന്നു (1:10). ഹോശായ 2:23 ഉദ്ധരിച്ചിട്ട്, അത് പുറജാതി ക്രിസ്ത്യാനികളെ സൂചിപ്പിക്കുന്നുവെന്ന് പത്രോസ് തെളിയിക്കുന്നു. (1 പത്രോസ് 2:10). പുതിയ നിയമമനുസരിച്ച് ഒരു സ്ഥലവും മറ്റൊന്നിനേക്കാൾ വിശുദ്ധമല്ല. ഹൃദയമാറ്റത്തോട് കൂടെ സ്ഥലം മാറ്റമോ തീർത്ഥയാത്രയോ അപ്രസക്തമായി തീരുന്നു. (യോഹ : 4:20-24). കടൽക്കരയിലെ മണൽപോലെയായിരുന്നാലും ശേഷിപ്പത്രേ രക്ഷിക്കപ്പെടൂ. (യെശ : 1:9; 10:22). യിസ്രായേൽ എത്ര അസംഖ്യമായിരുന്നാലും, ഒരു ശേഷിപ്പ്, ഒരു ന്യൂനപക്ഷം മാത്രമേ, ആസന്നമായ ന്യായവിധിയിൽ നിന്ന് രക്ഷപ്പെടൂ. രക്ഷപെട്ട ഒരു ശേഷിപ്പ് മാത്രം., ‘വീരനാം ദൈവത്തിങ്കലേക്ക്’ മടങ്ങി വരും (യെശ : 10:21). യെശയ്യാവിന്റെ മകനിട്ട പേര് (ശെയാർ – യാശൂബ്) ഒരു ശേഷിപ്പ് മടങ്ങി വരും. (യെശ : 7:3, 10:21) ജനത്തിന് ദൈവത്തിന്റെ സന്ദേശമായി തീർത്തു.
യിസ്രായേൽ ജാതിയുടെ അവിശ്വാസം മൂലം ദൈവത്തിന്റെ ഉദ്ദേശം നിഷ്ഫലമായില്ല. ക്രിസ്തു ഭൂമിയിൽ ആയിരിക്കുമ്പോഴും യിസ്രായേൽ ആ സ്വഭാവം വെളിപ്പെടുത്തി. (യോഹ : 1:11,12). യിസ്രായേൽ ജാതിയായി ക്രിസ്തുവിനെ നിഷേധിച്ചു. എന്നാൽ വ്യക്തികളായി അവനെ അംഗീകരിച്ചവർ പലരുണ്ടായിരുന്നു. ഇങ്ങനെ വിശ്വസിച്ചവരാണ് യഥാർത്ഥ യിസ്രായേൽ. യിസ്രായേൽ ചരിത്രത്തിലെ ഇരുണ്ട കാലയളവുകളെല്ലാം ഇപ്രകാരമുള്ള ഒരു ‘ശേഷിപ്പ്’ ഉണ്ടായിരുന്നു.
9:28 കർത്താവ് തന്റെ വചനം നിവർത്തിച്ച് ക്ഷണത്തിൽ തീർക്കും (യെശ : 10:22,23; 37:32)
“യഹൂദാ സഭയുടെ ഒരു ശേഷിപ്പ് മാത്രമേ രക്ഷപ്പെടൂ എങ്കിൽ മതപരമായ നാട്യക്കാർ, അവരുടെ വിശ്വാസവും പ്രത്യാശയും ഉറപ്പുള്ളതാണോ എന്നതിൽ എത്ര ശ്രദ്ധാലുക്കൾ ആയിരിക്കണം.