‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 17
പാ. വി. പി. ഫിലിപ്പ്
5
“ഒരു മനുഷ്യനും തന്റെ ദൈവവും കൂടി ഒരു പർവ്വതം കീഴടക്കുമ്പോൾ അസാധ്യങ്ങൾ അപ്രത്യക്ഷമാകുന്നു”
വിജയ ജീവിതം ദൈവസന്നിധിയിൽ
ചരിത്രത്തിലെ ഏറ്റവും ശക്തനായ നായകനാണ് മോശ. മോശയെ ദൈവം വിളിച്ചതും, ദൈവനിയോഗമായി മോശ മിശ്രയെമിൽ നിന്നും പുറപ്പെട്ടതും ചരിത്രത്തിലെ വിമോചന സംഭവമാണ്. പിന്നീടുണ്ടായിട്ടുള്ള വിമോചന സമരങ്ങൾക്ക് പുറപ്പാട് പുസ്തകത്തിലെ സംഭവങ്ങൾ പ്രചോദനം നൽകിയിട്ടുണ്ട്. ആധുനിക ദൈവശാസ്ത്രത്തിലെ ശാഖകളായ ലാറ്റിൻ അമേരിക്കൻ വിമോചന ദൈവശാസ്ത്രവും, ദളിത് ദൈവശാസ്ത്രവും രൂപപ്പെട്ടത് പുറപ്പാട് സംഭവത്തിൽ (Exodus event) നിന്നാണ്. മോശയ്ക്ക് ദൈവം നിയോഗം നൽകിയെങ്കിലും അത് പൂർത്തീകരിക്കുവാൻ കഴിഞ്ഞില്ല. രണ്ടാമത്തെ നായകനായി ദൈവം എഴുന്നേല്പിക്കുന്നത് യോശുവെയാണ്.
ഒരു ദൈവമനുഷ്യന്റെ വിജയത്തിന്റെ മാർമ്മിക രഹസ്യം യോശുവയുടെ പുസ്തകം ഒന്നാമദ്ധ്യായത്തിൽ മറ നീക്കി വെളിപ്പെടുത്തിയിരിക്കുന്നു. ലക്ഷകണക്കിന് ജനതയെ മിശ്രയെമിൽ എത്തിക്കുവാൻ യോശുവയ്ക്ക് ആവശ്യമായ പണമോ, വസ്ത്രമോ, ആഹാരമോ, ദൈവം വാഗ്ദാനം ചെയ്തില്ല. ദൈവം വാഗ്ദാനം ചെയ്തത് ഒന്ന് മാത്രമാണ്. ദൈവത്തിന്റെ സാന്നിധ്യം. അതെ, ദൈവസാന്നിധ്യം ഒരു സ്രോതസ്സാണ്.
ദൈവം യോശുവയോട് പറയുന്നു; “നിന്റെ ജീവകാലത്തു ഒരിക്കലും ഒരു മനുഷ്യനും നിന്റെ നേരെ നിൽക്കയില്ല; ഞാൻ മോശെയോടുകൂടെ ഇരുന്നതു പോലെ നിന്നോടുകൂടെയും ഇരിക്കും; ഞാൻ നിന്നെ കൈ വിടുകയില്ല, ഉപേക്ഷിക്കയും ഇല്ല”, യോശു : 1:5
യഹോവ വീണ്ടെടുത്ത യോശുവ ഹീബ്രു ഭാഷയിൽ യോശുവ എന്നും ഗ്രീക്ക് ഭാഷയിൽ യേശു എന്നും പറയുന്ന പദങ്ങൾക്ക് ധാത്വാർത്ഥം ‘ യഹോവ തന്നെയാകുന്നു വീണ്ടെടുപ്പ്’ എന്നാകുന്നു. ഹോശയാ എന്ന പേരും യോശുവയ്ക്ക് ഉപയോഗിച്ചിട്ടുണ്ട്. (സംഖ്യാ : 13:8-16). ‘യഹോവ വീണ്ടെടുപ്പാകുന്നു’ എന്നാകുന്നു ഈ പേരിന്റെ അർത്ഥം. യോശുവയുടെ പേര് ജീവിതം കൊണ്ടും അന്വർത്ഥമായി. ദൈവം യോശുവയെ വീണ്ടെടുക്കുകയും, അനേകരെ വീണ്ടെടുക്കുന്ന ദൈവപ്രവർത്തിക്ക് യോശുവ കാരണകാരനാകുകയും ചെയ്തു. മോശയ്ക്ക് ശേഷം ദൈവീക ദൗത്യം തുടരുവാൻ ആവശ്യമായ പരിശീലനം യോശുവയ്ക്ക് മുൻപ് തന്നെ ലഭിച്ചു എന്ന് വേണം മനസ്സിലാക്കുവാൻ. അമാലേക്യർക്കെതിരെ യിസ്രായേൽ ജനം യുദ്ധത്തിന് പുറപ്പെട്ടപ്പോൾ യോശുവയായിരുന്നു നായകൻ. (പുറ : 17:18). മോശയുടെ ദാസനായി സീനായിമലയിലും സമാഗമന കൂടാരത്തിലും യോശുവ പ്രവർത്തിച്ചു. (പുറ : 32:17, 33:11). യിസ്രായേൽ ജനത സർവ്വശക്തനായ ദൈവത്തെ മറന്ന് പൊൻകാളക്കുട്ടിയെ വാർത്തുണ്ടാക്കി ആർത്താരാധിച്ചപ്പോൾ യോശുവ അവർക്കെതിരെ നില കൊണ്ടു. (പുറ : 24:13, 32:17). കനാൻ ദേശം ഒറ്റ് നോക്കുവാൻ ഒരുവനാകുകയും കാലേബിനോടൊപ്പം ദൈവത്തോട് പറ്റി നിൽക്കുകയും ചെയ്തവനായിരുന്നു യോശുവ (സംഖ്യാ :13:8, 14:6,29). ഈ യോശുവായെയാണ് മോശയ്ക്ക് ശേഷം ദൈവം നായകനായി കാണുകയും, തന്റെ സാന്നിധ്യം വാഗ്ദാനമായി നൽകുകയും ചെയ്തത്.
വിജയകരമായ ജീവിതം ദൈവസാന്നിദ്ധ്യത്തിൽ മാത്രമേ സാധ്യമാകുകയുള്ളൂ എന്ന് യോശുവയുടെ അനുഭവം നമ്മെ പഠിപ്പിക്കുന്നു. ദൈവമനുഷ്യന്റെ വിജയജീവിതത്തിന്റെ അടിസ്ഥാനപരമായ തത്വങ്ങൾ യോശുവയുടെ പുസ്തകം ഒന്നാം അദ്ധ്യായത്തിൽ നമുക്ക് ദർശിക്കാം.