‘ഇതാ, നോഹയുടെ കാലം’ – 48
പാ. ബി. മോനച്ചൻ, കായംകുളം
നിങ്ങൾ കൈവിടപ്പെട്ടാൽ
മാനവകുലത്തിന്റെ പാപത്തിന്റെ പരിഹാരത്തിനായി മരിച്ച ക്രിസ്തു തന്റെ പാവനരക്തത്താൽ വീണ്ടെടുക്കപെട്ട ദൈവസഭയെ ഈ പാപലോകത്തിൽ നിന്നും വീണ്ടുകൊൾവാൻ അതിവേഗം ഇറങ്ങി വരും. അവന്റെ വരവിൽ അവനോടൊപ്പം എടുത്ത് കൊള്ളപ്പെടേണ്ടത് ആരെന്ന ചോദ്യത്തിന് വിശുദ്ധ വേദപുസ്തകം നൽകുന്ന മറുപടി : ക്രിസ്തുവിനുള്ളവർ (1 കോരി :15:23), ക്രിസ്തുവിലുള്ളവർ (1 തെസ്സ :4:16,17), വിശുദ്ധന്മാർ (വെളി : 20:6), കാത്തിരിക്കുന്നവർ (എബ്രാ : 9:27,31), ഒരുങ്ങിയിരിക്കുന്നവർ (മത്താ :9:27,28),ഉണർന്നിരിക്കുന്നവർ (മത്താ : 25:13) എന്നിങ്ങനെ എട്ട് കൂട്ടരാണെന്ന് കാണാം.
ഈ വേദവാക്യങ്ങൾ വിശദമായി നോക്കിയാൽ കർത്താവ് ആരെയും കാത്ത് നിന്ന് കൊണ്ട് പോകുവാൻ വരുന്നില്ല. തനിക്കായി കാത്ത് നിൽക്കുന്നവരെ അവൻ കൊണ്ട് പോകും. അവൻ ആരെയും ഒരുക്കികൊണ്ട് പോകുവാൻ വരുന്നില്ല. ഒരുങ്ങി നിൽക്കുന്നവരെ കൊണ്ട് പോകും. ഉണർത്തികൊണ്ട് പോകാൻ വരുന്നില്ല. ഉണർന്നിരിക്കുന്നവരെ അവൻ കൊണ്ട് പോകും. ഇതിനെ കുറിച്ച് തെസ്സലോനിക്യർക്കുള്ള ലേഖനത്തിൽ നിന്നുള്ള ഒരു വാക്യം മാത്രം ഉദ്ധരിക്കട്ടെ. “കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കയും ചെയ്യും. പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും.” (1 തെസ്സ :4:16,17)
‘എടുക്കപ്പെടുക’ എന്ന പദത്തിന് വേദപുസ്തകഭാഷാ അർത്ഥത്തിൽ മുകളിലേക്ക് വലിച്ചെടുക്കുക, തട്ടികൊണ്ട് പോകുക, റാഞ്ചിക്കൊണ്ട് പോകുക, എന്നെല്ലാമാണ്. ആകാശത്ത് വട്ടമിട്ട് പറക്കുന്ന കഴുകൻ തന്റെ കണ്ണുകൾകൊണ്ട് താഴെ തള്ളക്കോഴിയോടൊപ്പം തീറ്റതിന്നുന്ന കോഴിക്കുഞ്ഞുങ്ങളെ കാണുന്നു. അവൻ താഴേക്ക് വന്നിട്ട് കോഴി നോക്കി നിൽക്കുമ്പോൾ തന്നെ കോഴിക്കുഞ്ഞുങ്ങളെ റാഞ്ചി കൊണ്ട് പോകുന്നു. ഇത് പോളർ ദുഷ്ടാത്മസേനകൾ നോക്കി നിൽക്കേ നമ്മുടെ വാഴ്ത്തപ്പെട്ട കർത്താവ് തന്റെ ചങ്കിലെ ചോരയാൽ വീണ്ടെടുക്കപെട്ട സഭയെ റാഞ്ചി കൊണ്ട് പോകും. അതെ, ഈ നൂറ്റാണ്ടിൽ സംഭവിക്കുന്ന ഏറ്റവും വലിയ സംഭവവും ഏറ്റവും വലിയ ന്യൂസ് റിപ്പോർട്ടും, മനുഷ്യൻ ചന്ദ്രനിൽ ഹോട്ടൽ പണിതതോ, ചൊവ്വാ ഗൃഹത്തിൽ കാൽ കുത്തുന്നതോ, പുതിയ ഗൃഹങ്ങൾ കണ്ട് പിടിക്കുവാൻ പോകുന്നതോ, ക്ളോണിങ് ശിശുക്കളോ ഒന്നും ആയിരിക്കുകയില്ല. ഒരു വലിയ കൂട്ടം ജനം ഈ ഭൂവിൽ നിന്ന് പൊടുന്നനവെ അപ്രത്യക്ഷരായി എന്ന വാർത്തയായിരിക്കും എന്നാണെന്റെ വിശ്വാസം.