‘സഫലമീ യാത്ര …‘ – (132)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
എന്റെ ദൈവം എന്റെ ആശ്രയം
പുതിയ സംവത്സരത്തിന്റെ ദിനങ്ങളിലേക്ക് ലോകം പ്രവേശിക്കുകയാണ്. നൂറ്റാണ്ടിന്റെ വലിയ ആഘോഷത്തിലൂടെയാണ് കഴിഞ്ഞ വർഷം ലോകം കടന്നത്.
പുതിയ വസ്ത്രങ്ങളണിഞ്ഞു, മുളത്തണ്ട് കൊണ്ടും, പൈൻ മരങ്ങൾ കൊണ്ടും വീടുകൾ അലങ്കരിച്ചും ജപ്പാൻകാർ പുതുവർഷത്തെ എതിരേറ്റു. അലങ്കാര വൃക്ഷത്തലകൾ ആയുർദൈർഘ്യം പ്രദാനം ചെയ്യുമെന്ന് കരുതുന്നു.
വിശുദ്ധ ബേസിലിന് ഒഴിഞ്ഞ ഷൂസുകൾ നിറയെ സമ്മാനം കൊണ്ട് നിറക്കുമെന്ന വിശ്വാസത്താൽ ഗ്രീസിലെ കുട്ടികൾ പുതുവർഷദിനം ചൂടുനൽകുന്ന ഇടത്ത് ഒഴിഞ്ഞ ഷൂസുകൾ ഇടുന്നു. സ്വപ്നങ്ങളുടെയും, ആശകളുടെയും, പ്രതീക്ഷകളുടെയും പ്രതീകങ്ങളുമായി പുതുവർഷത്തെ എതിരേൽക്കുന്നു. എന്നാൽ എല്ലാ സ്വപ്നങ്ങളും, പോയവർഷം പൂവണിഞ്ഞില്ല. എല്ലാ ആശകളും, പ്രതീക്ഷകളും സഫലമായില്ല. ഒരുപ്പാട് ജീവനും, സ്വപ്നങ്ങളും മഹാമാരി തല്ലിക്കെടുത്തി.
എങ്കിലും, ഇന്നും സിംഹാസനത്തിൽ എല്ലാം നിയന്ത്രിക്കുന്ന ക്രിസ്തുനാഥൻ സ്വർഗ്ഗത്തിൽ എനിക്കായി ജീവിക്കുന്നു എന്ന വ്യക്തിഗതമായ ഉറപ്പ്, എല്ലാം തകർന്നില്ല, തകരുകയുമില്ല എന്നും ദൈവമക്കൾ അറിയുന്നു.
നമ്മുടെ കാലങ്ങളും, സമയങ്ങളും, വരുവാനിരിക്കുന്ന ദിവസങ്ങളും എന്റെ ദൈവത്തിന്റെ കരങ്ങളിലാണ് എന്ന് സങ്കീ: 31 പറയുന്നു. “എന്റെ കാലഗതികൾ നിന്റെ കൈയ്യിൽ ഇരിക്കുന്നു” (31:15). ദൈവം നല്ലവൻ എല്ലായ്പ്പോഴും. അത്കൊണ്ട് “എത്ര വലുതായ നന്മ” എന്ന് പറയത്തക്കവണ്ണം ദൈവം നമ്മുടെ ദിനങ്ങളെ നന്മ കൊണ്ട് അലങ്കരിക്കുന്നു. ഓരോദിവസം ഹൃദയത്തിൽ നിന്നും അധരങ്ങളിലൂടെ പ്രഖ്യാപിക്കാം. “ഞാൻ നിന്നിൽ ആശ്രയിക്കുന്നു; നീ എന്റെ ദൈവം” (31:14)
ദൈവീക വാഗ്ദത്തങ്ങൾ ഇരുളിൽ പ്രകാശം തന്നെ.