‘റോമർക്ക് എഴുതിയ ലേഖനം‘ – ഒരു പഠനം (63)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
യഹൂദവാദികൾ ജാതികളെ പരിച്ഛേദന ഏൽക്കാൻ കിണഞ്ഞു ശ്രമിച്ചിരുന്നു (അപ്പൊ : 15:9, 10:24). എന്നാൽ പരിച്ഛേദന ഏൽക്കുകയെന്നാൽ കൃപയിൽ നിന്ന് വീണ് പോകുകയാണെന്നും, അത് മുഴു ന്യായപ്രമാണവും അനുസരിക്കണമെന്നുള്ള കടപ്പാടിലേക്ക് നമ്മെ നയിക്കുമെന്നും പൗലോസ് ശക്തമായി ഗലാത്യർക്ക് മുന്നറിയിപ്പ് നൽകുന്നു. (ഗലാ :5:1-4, ഫിലി :3:2) അബ്രഹാമിനും തന്റെ കാലത്തുള്ളവർക്കും പരിച്ഛേദന ബാഹ്യമായ ഒരു അടയാളമായിരുന്നു അബ്രഹാമിന്, ദൈവം അവന്റെ ദൈവമായിരിക്കുമെന്നുള്ളതിന്റെയും ലോകത്തിന്, അബ്രഹാം ലോകത്തിൽ നിന്ന് ദൈവത്തിനായി വേർതിരിക്കപ്പെട്ടവനാണെന്ന് ഉള്ളതിന്റെയും അടയാളം അത് പോലെ സ്നാനം, വിശ്വാസത്താലും താദാമ്യപ്പെടലിനാലും നാം ക്രിസ്തുവിന്റേതാണെന്നും എന്നതിന്റെയും ഇനി ഒരിക്കലും ലോകത്തിന്റേതല്ല എന്നുള്ളതിന്റെയും ബാഹ്യ ചിഹ്നമാണ്.
സ്നാനമോ കർത്തൃമേശയോ മറ്റേതെങ്കിലും അനുഷ്ട്ടാനമോ നീതിമാനായ ദൈവത്തിന്റെ മുൻപിൽ നമ്മുടെ നില ഭദ്രമാക്കുന്നില്ല. സുവിശേഷം അഭക്തനായിരിക്കുന്നത് മതിയാക്കുകയും വിശ്വസിക്കുകയും ചെയ്യുക എന്ന് പറയാതെ, അഭക്തനായിരിക്കെ വിശ്വസിക്കുക എന്ന് പറയുന്നു. 4:11,12 അഗ്രചർമ്മത്തിൽ വച്ചു …. പിതാവായിരിക്കേണ്ടതിനും തന്നെ. അഗ്രചർമ്മികളുടെ പിതാവായി അബ്രഹാമിനെ വാ. 11 ലും പരിച്ഛേദനക്കാരുടെ പിതാവായി വാ. 12 ലും പറഞ്ഞിരിക്കുന്നു. എന്നാൽ ഇരുകൂട്ടരും അബ്രഹാമിന്റെ വിശ്വാസം ഉള്ളവരായിരിക്കേണം എന്ന് ഊന്നിപ്പറഞ്ഞിരിക്കുന്നു. ഭൗമിക സന്തതി ആയിരിക്കുന്നതിനേക്കാൾ ആത്മീക ബന്ധമാണ് പ്രധാന ഘടകം. അബ്രഹാം അഗ്രചർമ്മിയായിരിക്കുമ്പോൾ നീതികരിക്കപ്പെട്ടു എങ്കിൽ, അഗ്രചർമ്മികളായ സകല വിശ്വാസികളും അബ്രഹാമിന്റെ സന്തതികളാണ്.
അബ്രഹാമിന്റെ പിതൃത്വവും പുത്രത്വവും വിശ്വാസത്തിന്മേൽ മാത്രം ആധേയപ്പെട്ടിരിക്കുന്നു. പരിച്ഛേദന പുത്രന്മാരോ അഗ്രചർമ്മപുത്രന്മാരോ ആരായാലും നീതികരിക്കുന്ന വിശ്വാസത്താൽ മാത്രം അബ്രഹാമിന്റെ മക്കളായി തീരുന്നു. രക്ഷയ്ക്കായി, യഹൂദന്റെ പരിച്ഛേദനയിലേക്ക് പുറജാതികൾ വരികയില്ല. അബ്രഹാമിന് പരിച്ഛേദനയ്ക്ക് വളരെ മുൻപേ ഉണ്ടായിരുന്ന വിശ്വാസത്തിലേക്ക് , ജാതികളുടെ വിശ്വാസത്തിലേക്ക്, യഹൂദൻ വരികയാണ് വേണ്ടത്.
വാ. 13 ലോകാവകാശി ആകും … നീതിയാലല്ലോ ലഭിച്ചത്. ലോകാവകാശി ആകും എന്ന വാഗ്ദത്തം അതുപോലെ എങ്ങും കാണുന്നില്ല. (ഉല്പ. 12:3, 18:18, 22:18 എന്നിവയുടെ വ്യാഖ്യാനമാണിത്)