‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (67)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
അബ്രഹാമിന്റെ വിശ്വാസത്തെ പ്രകീർത്തിക്കുന്ന പദപ്രയോഗങ്ങൾ നോക്കുക. വിശ്വാസത്തിൽ ക്ഷീണിച്ചില്ല. അവിശ്വാസത്താൽ സംശയിക്കാതെ വിശ്വാസത്തിൽ ശക്തിപ്പെട്ടു, പൂർണ്ണമായി തനിക്ക് സാധിച്ചു കിട്ടേണ്ട കാര്യം സാധിക്കാതിരിക്കവണ്ണം അണിനിരന്ന സകല പ്രതിബന്ധങ്ങളെയും താൻ കണക്കിലെടുത്തു. എങ്കിലും താൻ വിശ്വാസത്തിൽ ക്ഷീണിച്ചില്ല. അവിശ്വാസത്താൽ സംശയിക്കാതെ വിശ്വാസത്തിൽ ശക്തിപ്പെട്ടു (അപ്പൊ :9:22) സാറയുടെ വിശ്വാസത്തെ പരിശുദ്ധാത്മാവ് പുകഴ്ത്തുന്നത് നോക്കുക. (എബ്രാ :11:11,12) നമ്മുടെ വിശ്വാസത്താൽ ദൈവത്തിന്റെ സത്യത്തിന് മുദ്രയിടുന്നതിനേക്കാൾ കൂടുതൽ ബഹുമതി ദൈവത്തിന് കൊടുക്കാനില്ല. വാഗ്ദത്തം ചെയ്തത് പ്രവർത്തിക്കാൻ ശക്തൻ (ലുക്കോ :1:49) പൂർണ്ണമായി ഉറച്ചു. ബലഹീന വിശ്വാസം തള്ളിക്കളയുകയിലെങ്കിലും ചതഞ്ഞ ഓട ഒടിച്ചു കളയുകയിലെങ്കിലും പുകയുന്ന തിരി കെടുത്തി കളയുകയിലെങ്കിലും ദൃഢമായ വിശ്വാസം കൂടുതൽ ബഹുമാനിക്കപ്പെട്ടു. അത് കൊണ്ട് അത് അവന് നീതിയായി കണക്കിട്ടു. വാഗ്ദത്ത നിവൃത്തിക്കായി 25 വർഷം കാത്തിരുന്നു. വിശ്വാസം പരിശോധിക്കപെട്ടു.
എൽ ശദായി (സർവ്വശക്തനായ ദൈവം) അവനെ ശക്തികരിച്ചു. അവന്റെ പ്രത്യാശ ഉയർന്നുയർന്നു വന്നു. അവൻ ദൈവത്തെ മഹത്വം കരേറ്റി. ആ വിശ്വാസം അവന് നീതിയായി കണക്കിട്ടു.
റോമാലേഖനത്തിൽ യിശ്മായേലിന്റെ ജനനത്തിന്റെ കഥ വിട്ടു കളഞ്ഞത് ശ്രദ്ധേയമാണ്. ദൈവം ആരംഭിച്ചത് നിവൃത്തിക്കാൻ ശക്തൻ എന്ന് അബ്രഹാമിന് ദൈവത്തിൽ വിശ്വാസമുണ്ടായിരുന്നു. എന്നാൽ അതിനായുള്ള കാത്തിരിപ്പ് വളരെ അധികമായി തനിക്ക് തോന്നുകയും ദൈവം വാഗ്ദത്തം ചെയ്തത് സുസാധ്യമാക്കുവാൻ തക്കവണ്ണം ദൈവത്തെ ഒന്ന് സഹായിക്കുന്നതിന് മാനുഷിക തന്ത്രങ്ങൾ സ്വീകരിക്കുകയും ചെയ്തു. അങ്ങനെ യിശ്മായേൽ ജനിച്ചു. എന്നാൽ യിശ്മായേൽ ബഹിഷ്കരിക്കപ്പെടുകയും യിസഹാക്കിന് അബ്രഹാമിന്റെ ഭവനത്തിൽ നിസ്തുലസ്ഥാനം ലഭിക്കുകയും ചെയ്യുന്നത് വരെ, തനിക്ക് ദൈവമായുള്ള ആത്മീക കൂട്ടായ്മയുടെ ആസ്വാദ്യത നഷ്ടമായി. ക്രിസ്തുവിൽ നമ്മെകുറിച്ചുള്ള ദൈവോദ്ദേശത്തിന്റെ സാദ്ധ്യതയുടെ മുന്നേറ്റത്തിൽ ജഡത്തിന്റെ പ്രവർത്തികളുടെ നിഷ്പ്രയോജനത വ്യക്തമാക്കാനാണ് ഈ ചരിത്രം റോമാലേഖനത്തിൽ നിന്ന് വിട്ട് കളഞ്ഞത്. വിശ്വാസത്തിന്റെ തത്വത്തിന്മേൽ കൃപയാലുള്ള രക്ഷയിൽ വിശ്വസിക്കുകയും, അബ്രഹാമിനെപ്പോലെ അതിനോട് സ്വന്തപ്രവർത്തി കൂടെ ചേർക്കയും വേണമെന്ന് ചിന്തിക്കുന്നവർ ക്രിസ്തീയലോകത്തിൽ നിരവധിയുണ്ട്. അങ്ങനെ വിശ്വാസവും പ്രവർത്തിയും ചേർന്ന ഒരു മിശ്രിതം ഉണ്ടാക്കുന്ന പാപിയുടെ നീതീകരണം, മനുഷ്യന്റെ ഒരു പ്രവർത്തി കൂടാതെ, മുഴുവനും ദൈവത്തിൽ നിന്ന് എന്ന പാഠമാണ് ഈ ലേഖനം നൽകുന്നത്.