‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (68)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
അബ്രഹാമിന്റെ നീതികരണത്തിൽ അവന്റെ വിശ്വാസം മാത്രം കണക്കിലെടുക്കുകയും അവന്റെ അവിശ്വാസം, പരാജയം, അസഹിഷ്ണത എല്ലാം വിട്ടു കളയുകയും ചെയ്തിരിക്കുന്നു. കാരണം, അവ ദൈവോദ്ദേശത്തെ സഹായിക്കുകയോ, വിഘ്നപ്പെടുത്തുകയോ ചെയ്യുന്നില്ല.
അബ്രഹാമിന്റെ വിശ്വാസത്തെക്കുറിച്ച് പറഞ്ഞിട്ട് ക്രിസ്ത്യാനിയുടെ വിശ്വാസത്തെ അതിനോട് ഘടിപ്പിക്കുകയാണ് (വാ. 23-25) ഇത് നമ്മെ വിചാരിച്ചും കൂടെയാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്. കേവലം ചരിത്ര സംഭവമായി മാത്രമല്ല, വിശ്വാസത്താലുള്ള നീതീകരണം സംബന്ധിച്ചുള്ള ദൈവത്തിന്റെ വ്യവസ്ഥ എന്താണെന്ന് വെളിപ്പെടുത്തുവാനും കൂടെയാണ്. (1 കോരി :10:11, റോമാ :15:4) മരിച്ചവരെ ജീവിപ്പിക്കുന്നവനായി അബ്രഹാം ദൈവത്തെ വിശ്വസിച്ചു. നാമും നീതികരിക്കപ്പെടണമെങ്കിൽ മരിച്ചവരിൽ നിന്ന് ഉയിർപ്പിക്കപ്പെട്ട ക്രിസ്തുവിൽ വിശ്വസിക്കണം. യേശുവിനെ മരിച്ചവരിൽ നിന്ന് ഉയിർപ്പിച്ചു എന്ന വിശ്വാസമാണ് നമ്മെ നീതികരിക്കുന്നത്. പുതിയനിയമത്തിൽ സുവിശേഷത്തിലുള്ള വിശ്വാസം ക്രിസ്തുവിന്റെ പുനരുത്ഥാനത്തിലുള്ള വിശ്വാസമാണ്. കാരണം, ഈ ശ്രെഷ്ഠമായ സംഭവം ഒരേ സമയം, ക്രിസ്തുവിന്റെ ദൈവപുത്രൻ എന്ന അവകാശവാദത്തിന്റെ പരമമായ തെളിവും ക്രിസ്തുവിന്റെ വീണ്ടെടുപ്പിൽ വേലയുടെ ദൈവത്താലുള്ള അംഗീകാരത്തിന്റെ അവിതർക്കിതമായ തെളിവുമാണ്. (റോമാ :10:9,10; അപ്പൊ :1:22). നമ്മുടെ അതിക്രമങ്ങൾ നിമിത്തം മരണത്തിന് ഏൽപ്പിച്ചും നമ്മുടെ നീതികരണത്തിനായി ഉയിർപ്പിച്ചിരിക്കുന്നവനുമാണ് കർത്താവായ യേശുക്രിസ്തു. ഈ വാക്യം മുഴു സുവിശേഷത്തിന്റെ സംഗ്രഹവും ലോകത്തിലെ സർവ്വ സദ്വാർത്തയുടെ ചുരുക്കവുമാണ്. നമ്മുടെ അതിക്രമങ്ങൾ നിമിത്തം (അതിക്രമങ്ങൾക്ക് വേണ്ടി – യെശ :53:5), ഈ വാക്കുകൾ നമ്മുടെ അതിക്രമങ്ങൾക്ക് അവന്റെ കഷ്ടാനുഭവത്തോടുള്ള ബന്ധവും കഷ്ടാനുഭവത്തിന്റെ കാരണവും വെളിപ്പെടുത്തുന്നു. മരണത്തിന് ഏല്പിച്ചു. (അപ്പൊ : 2:23; റോമാ :8:32). നമ്മുടെ നീതികരണത്തിനായി ഉയിർപ്പിച്ചും – ക്രിസ്തുവിന്റെ മരണം മൂലം നമ്മുടെ അതിക്രമങ്ങൾക്ക് മോചനമുണ്ട്. (എഫെ : 1:7, കോലോ :1:14) പത്രോസും ഇക്കാര്യം ഉറപ്പിച്ചു പറയുന്നു. (1 പത്രോസ് :2:24) എന്നാൽ നമ്മുടെ നീതീകരണം ഉറപ്പായത് ക്രിസ്തുവിന്റെ ഉയിർപ്പിനാലാണ്. ദൈവം അവനെ ഉയിർപ്പിച്ചു. (1 പത്രോസ് :1:21).