‘ഇതാ, നോഹയുടെ കാലം’ – 49
പാ. ബി. മോനച്ചൻ, കായംകുളം
അതെ, ഈ നാളിലൊന്നിൽ അത് സംഭവിക്കും. തനിക്കായി കാത്ത് നിൽക്കുന്നവരുടെ രക്ഷയ്ക്കായി യേശു മടങ്ങി വരും. ദൈവസഭ എടുത്ത് കൊള്ളപ്പെടും. അതിന് ശേഷം ഈ ഭൂമിയിൽ സംഭവിക്കുന്ന അതിഭീകരമായ സംഭവങ്ങളിൽ ചിലതിനെകുറിച്ചാണ് നാം കഴിഞ്ഞ അദ്ധ്യായത്തിൽ വിചിന്തനം ചെയ്തത്. തുടർന്ന് വെളിപ്പാട് പുസ്തകം പറയുന്നു, താലന്തോളം ഘനമുള്ള കല്ലായി വലിയ കല്മഴ ആകാശത്ത് നിന്ന് മനുഷ്യരുടെ മേൽ പെയ്തു. കല്മഴയുടെ ബാധ ഏറ്റവും വലുതാകകൊണ്ട് മനുഷ്യർ ആ ബാധ നിമിത്തം ദൈവത്തെ ദുഷിച്ചു. (വെളി : 15:20). ഒരു താലന്ത് എന്ന് പറഞ്ഞാൽ ഏകദേശം 70 കിലോ ആണെന്ന് വേദപണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. 70 കിലോ വീതം ഭാരമുള്ള കല്ല് വല്ലപ്പോഴും ഓരോന്ന് വീഴുകയല്ല, പെരുമഴ പെയ്യുന്ന പോലെ പെയ്യുവാൻ പോകുന്നു.
കൂടാതെ മനുഷ്യർ അന്യോന്യം കൊല്ലുവാൻ തക്കവണ്ണം ഭൂമിയിൽ നിന്ന് സമാധാനം എടുത്ത് നീക്കപ്പെടുന്ന ഒരു കാലമായിരിക്കും അത്. അതോടൊപ്പം അതിഭീകരമായ ക്ഷാമം നാടെങ്ങും വ്യാപിക്കും. പട്ടിണി മരണങ്ങൾ വർദ്ധിക്കും. റേഷനിങ് സമ്പ്രദായം വ്യാപകമാക്കും. അന്ന് സകല ധനവാന്മാരും മാവേലി സ്റ്റോറുകളുടെയും റേഷൻ കടകളുടെയും മുൻപിൽ ക്യൂ നിൽക്കേണ്ടി വരും (വെളി : 6:4-5). അതിന് കാരണം, സ്വർഗ്ഗത്തിൽ നിന്നും വീഴ്ത്തപ്പെടുന്ന ക്രോധകലശങ്ങൾ നിമിത്തം സമുദ്രത്തിലെ മത്സ്യങ്ങളും ഭൂമിയിലെ മൃഗങ്ങളും വയലിലെ ധാന്യങ്ങളും നശിച്ചുപോകുമെന്നതാണ് (വെളി : 8:8). സമുദ്രത്തിലെ ജീവികൾ മാത്രമല്ല, അവിടെ നങ്കൂരമിട്ടിരിക്കുന്ന വൻ ശക്തികളുടെ നാവികകപ്പലുകൾ പോലും തകർക്കപ്പെടുമെന്നതാണ് ഈ വാക്യം പറയുന്നത്. മനുഷ്യർക്കെല്ലാം മാരകമായ അനവധി രോഗങ്ങളും വല്ലാത്ത ദുർവൃണങ്ങളും ഉണ്ടാകും (വെളി : 16:2) ഡോക്ടറെ അന്വേഷിച്ച് പോയാൽ രക്ഷയില്ല, കാരണം ചികിത്സിക്കുന്ന ഡോക്ടറും ഇതേ അസുഖത്താൽ വേദനപ്പെടുകയായിരിക്കും. ഉച്ചി മുതൽ ഉള്ളം കാൽ വരെ പടരുന്ന പരുക്കളാൽ ബാധിക്കപ്പെടുന്ന ഈ അസുഖത്തിന് മരുന്നിലായിരിക്കും. ക്ഷാമം കൊണ്ടും മഹാവ്യാധി കൊണ്ടും കാട്ടു മൃഗങ്ങളെ കൊണ്ടും ആയിരമായിരം മനുഷ്യർ മരിക്കും. (വെളി : 6:8) അതിഭീകരമായ ചില അദൃശ്യജീവികൾ രംഗപ്രവേശനം ചെയ്യും. അവയുടെ കുത്തേറ്റാൽ മാസങ്ങളോളം നീറ്റലും വേദനയും സഹിക്കേണ്ടി വരും. ആ കാലത്ത് മനുഷ്യർ മരണം അന്വേഷിക്കും, കാണുകയില്ല താനും. മരിപ്പാൻ കൊതിക്കും. മരണം അവരെ വിട്ട് ഓടിപ്പോകും (വെളി: 9:6) വിശുദ്ധവേദപുസ്തകം ഇത് വരെ പറഞ്ഞതെല്ലാം സംഭവിച്ചുവെങ്കിൽ ഇതും സംഭവിക്കും, നിശ്ചയം.