‘ഇതാ, നോഹയുടെ കാലം’ – 50
പാ. ബി. മോനച്ചൻ, കായംകുളം
26
ആകാശത്തിന്റെ ശക്തികൾ ഇളകും
“ആകാശത്തിന്റെ ശക്തികൾ ഇളകിപ്പോകുന്നതിനാൽ ഭൂലോകത്തിന്നു എന്തു ഭവിപ്പാൻ പോകുന്നു എന്നു പേടിച്ചും നോക്കിപ്പാർത്തുംകൊണ്ടു മനുഷ്യർ നിർജ്ജീവന്മാർ ആകും.”, ലൂക്കോസ് : 21:26
വിശുദ്ധ വേദപുസ്തകം എഴുതപ്പെട്ട ഭാഷയായ ഗ്രീക്കിൽ ആകാശം എന്ന പദത്തിന് ‘യുറേനസ്’ എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. യുറേനസിൽ നിന്നും മനുഷ്യർ കാൺകെ ഭൂമിയിലേക്ക് തീ വീഴും എന്നാണ് ഒരു ഭാഷാന്തരം. യുറേനസ് എന്ന വക്കിൽ നിന്നാണ് യുറേനിയം എന്ന വാക്ക് ഉണ്ടായത്. ആറ്റംബോംബ് ഉണ്ടാക്കുവാൻ ഉപയോഗിക്കുന്ന ഒരു മൂലകമാണ് യുറേനിയം. ദൈവവചനം എത്ര വ്യക്തമാക്കിയിരിക്കുന്നു. ആകാശത്ത് നിന്നും തീ വീഴ്ത്തുവാൻ വേണ്ട സകല സജ്ജീകരണങ്ങളും ഇന്ന് മനുഷ്യർ തന്നെ ഒരുക്കി കഴിഞ്ഞു. ലോക വൻ ശക്തികൾ ബാഹ്യാകാശം സൈനീകമേഖലയായി മാറ്റി കഴിഞ്ഞു. മനുഷ്യനിർമ്മിതമായ ഏകദേശം 1500 ലോളം ഉപഗ്രഹ പേടകങ്ങൾ വാർത്താവിനിമയം, ചാര പ്രവർത്തനം, കാലാവസ്ഥ, ഭൂഗർഭ നിരീക്ഷണം എന്നിവയ്ക്കായി മനുഷ്യൻ ബാഹ്യാകാശത്തേക്ക് എയ്ത് വിട്ടിട്ടുണ്ട്. ആകാശത്ത് ചുറ്റി തിരിയുന്ന ഇവയിൽ പലതും കാലാവധി കഴിയുമ്പോൾ താഴോട്ട് വീഴുവാൻ തുടങ്ങും. ഇവ താഴേക്ക് വീഴുവാൻ പോകുന്നുവെന്ന് ശാസ്ത്രജ്ഞന്മാർ മുന്നറിയിപ്പ് നൽകുമ്പോൾ ഇവ എപ്പോൾ വീഴും എന്നറിയാതെ ജനം പേടിച്ച് എന്ത് സംഭവിക്കും എന്നോർത്ത് നീറി വ്യാകുലപ്പെടും. ചിലരൊക്കെ പേടിനിമിത്തം ഹൃദയം പൊട്ടി മരിക്കും. വർഷങ്ങൾക്ക് മുൻപ് ഉണ്ടായ സ്കൈലാബ് എന്ന ഉപഗ്രഹത്തിന്റെ പതനം സൃഷ്ടിച്ച കോളിളക്കം മറക്കാറായിട്ടില്ലല്ലോ ?
ഇവ കൂടാതെ ലോകത്തിലെ എല്ലാ പ്രധാനപട്ടണങ്ങളുടെയും നേർക്ക് വൻ ശക്തികൾ പരസ്പരം ദീർഘദൂര മിസൈലുകൾ ക്രമീകരിച്ചുവച്ചിരിക്കുന്നു. ഇവയെല്ലാം ക്രമീകരിക്കുന്നത് കംപ്യൂട്ടറുകളാണ്. ഇവ കമ്പ്യൂട്ടറുകൾക്ക് നല്കുന്ന ആജ്ഞകൾക്ക് ഒരു ചെറിയ പിഴവ് സംഭവിച്ചാൽ ഇവയിൽ പലതും സംഹാരശക്തി വെളിപ്പെടുത്തി നിലം പതിക്കും. ചില വർഷങ്ങൾക്ക് മുൻപ് അമേരിക്കയിലെ ബഹിരാകാശ കേന്ദ്രത്തിൽ നിന്നും കുതിച്ചുയർന്ന ഒരു പേടകം വിക്ഷേപണത്തറയിൽ നിന്നുയർന്ന് ഏതാനും സെക്കന്റുകൾക്കുള്ളിൽ നിലത്ത് തകർന്ന് വീണു. അതിൽ കയറ്റിയിരുന്ന ഒരു സ്കൂൾ അദ്ധ്യാപക ഉൾപ്പടെ ചിലർ മരിച്ച വാർത്ത നിങ്ങൾ വായിച്ചിരിക്കും. നൂറ് കണക്കിന് അമേരിക്കൻ ശാസ്ത്രജ്ഞന്മാർ അനവധി ദിനങ്ങൾ കൊണ്ട് കോടികണക്കിന് ഡോളർ ചിലവ് ചെയ്ത് ആകാശത്തേക്ക് അയച്ച ആ ബഹിരാകാശ പേടകം തകർക്കുവാൻ കാരണമായി പിന്നീടവർ പുറത്ത് വിട്ട വിവരം, ആ വാഹനം നിയന്ത്രിച്ചിരുന്ന കംപ്യൂട്ടറിൽ എവിടെയോ ഒരു മൈനസ് ചിഹ്നം കൊടുക്കുവാൻ മറന്ന് പോയി എന്നതായിരുന്നു. നോക്കുക, കമ്പ്യൂട്ടർ നിയന്ത്രിത ഉപഗ്രഹങ്ങളും ബഹിരാകാശപേടകങ്ങളും കൊണ്ട് നിറയപ്പെട്ടിരിക്കുന്ന ആകാശത്ത് നിന്ന് തീ വീഴുവാൻ കംപ്യൂട്ടറിന് പറ്റുന്ന ഒരു ചെറിയ പിഴവ് മതിയെന്ന് ഇതിനാൽ മനസ്സിലായല്ലോ ? ഇത് പോലെയുള്ള സംഹാരശക്തിയുമായി ശാസ്ത്രം കാത്ത് നിൽക്കുന്നു. ഇവയെല്ലാം ഒരിക്കൽ താഴെ വീഴും. ഒരിക്കൽ ഇവയെല്ലാം പൊട്ടും. പാപത്തോട് പാപം കൂട്ടി ദൈവീകപ്രമാണങ്ങളെ ധിക്കരിച്ചും വെല്ലുവിളിച്ചും നീങ്ങുന്ന പാപലോകമേ, നിന്റെ മേൽ ന്യായവിധി വരാറായി.