‘സങ്കീർത്തന ധ്യാനം’ – 69
പാ. കെ. സി. തോമസ്
‘ദൈവം അരുളി ചെയ്തു അങ്ങനെ സംഭവിച്ചു’, സങ്കീ : 33:9
33 -)o സങ്കീർത്തനത്തിലെ പ്രധാന വിഷയം ദൈവത്തിന്റെ ശക്തിയും ദൈവവചനത്തിന്റെ ശക്തിയുമാണ്. ദൈവത്തിന് എത്രയും ശക്തിയുണ്ടോ അത്രയും ശക്തി ദൈവവചനത്തിലുണ്ട്, കാരണം ദൈവവും ദൈവവചനവും ഒന്നാണ്. യോഹന്നാൻ അപ്പോസ്തോലൻ എഴുതി, ആദിയിൽ വചനം ഉണ്ടായിരുന്നു. വചനം ദൈവത്തോട് കൂടെയായിരുന്നു. വചനം ദൈവമായിരുന്നു. ദൈവം നേരുള്ളവനായിരിക്കുന്നത് പോലെ ദൈവവചനവും വിശ്വസ്തമായി പ്രവർത്തിക്കുന്നതിനാൽ നേരുള്ളതാണ്. ആകാശവും ഭൂമിയും സൃഷ്ടിക്കപ്പെട്ടത് ദൈവത്തിന്റെ വചനത്താലാണ്. ഉണ്ടാകട്ടെയെന്ന് കല്പിച്ചപ്പോൾ സകലവും ഉളവായി. സകലത്തെയും തന്റെ ശക്തിയേറിയ വചനത്താൽ സൃഷ്ടിക്കുകയാൽ തന്റെ വചനങ്ങളും സർവ്വശക്തിയുള്ളതാണ്. ദൈവം ഒരു കാര്യം അരുളിച്ചെയ്താൽ അങ്ങനെ സംഭവിക്കും. യഹോവയിൽ കഴിയാത്ത കാര്യം ഉണ്ടോയെന്ന് ദൈവം അബ്രഹാമിനോട് അരുളിച്ചെയ്തു. അടുത്ത വർഷം ഈ സമയത്ത് സാറാ ഒരു മകനെ അണച്ചുകൊള്ളുമെന്ന് ദൈവം അരുളിച്ചെയ്തു. മാനുഷിക ബുദ്ധി കൊണ്ടും യുക്തി കൊണ്ടും മെഡിക്കൽ സയൻസ് കൊണ്ടും ചിന്തിച്ചാൽ അസാദ്ധ്യമായ കാര്യമാണ് ദൈവം അരുളിചെയ്തത്. എന്നാൽ ദൈവം അരുളി ചെയ്യുന്ന വാക്കുകൾക്ക് മാറ്റമില്ല. ആകാശത്തിനും ഭൂമിക്കും മാറ്റം വന്നാലും അതിന് മാറ്റം വരികയില്ല. ദൈവം ഉവ്വ് എന്ന് പറഞ്ഞാൽ ഉവ്വ് എന്നും ഇല്ലായെന്ന് പറഞ്ഞാൽ ഇല്ലായെന്നുമാണ്. അവൻ അരുളിച്ചെയ്തു അത് അങ്ങനെ തന്നെ സംഭവിച്ചു. നാലാം തലമുറ മിശ്രയെമിൽ നിന്നും മടങ്ങി വരുമെന്ന് ദൈവം അബ്രഹാമിനോട് അരുളി ചെയ്തു. അത് സംഭവിക്കാതിരിക്കത്തക്കവണ്ണം ഫറവോനും ഫറവോന്റെ സൈന്യം മിസ്രയേമ്യരും പോരാടി കൊണ്ട് നിന്നെങ്കിലും ദൈവം അരുളിചെയ്തത് പോലെ അബ്രഹാമിന്റെ 4 – )o തലമുറക്കാരായ യിസ്രായേല്യർ കനാനിലേക്ക് മടങ്ങി വരുവാൻ ഇടയായി. ദൈവം ഒരു കാര്യം കല്പിച്ചാൽ അത് അത്പോലെ സ്ഥാപിതമാകും. കാറ്റേ അടങ്ങുക, കടലേ ശാന്തമാകുകയെന്ന് ദൈവമായ കർത്താവ് കല്പിച്ചു. അത് പോലെ ആ കാര്യം സംഭവിച്ചതായി സുവിശേഷത്തിൽ കാണുന്നു. ലാസറെ പുറത്ത് വരികയെന്ന് ലാസറിന്റെ കല്ലറയ്ക്കൽ നിന്ന് കൊണ്ട് യേശു കല്പിച്ചു. മരിച്ച് നാല് ദിവസമായി നാറ്റം വച്ച ലാസർ ഉയിർത്തെഴുന്നേറ്റ് പുറത്ത് വന്നു. ദൈവവചനത്തിന്റെയും ദൈവത്തിന്റെയും അരുളപ്പാടുകളുടെയും വാഗ്ദത്തങ്ങളുടെയും ശക്തി വലുതായതിനാൽ ദൈവജനം ചഞ്ചലപ്പെടേണ്ട ആവശ്യം ഇല്ല. സംശയിക്കുകയോ ഭയപ്പെടുകയോ ചെയ്യണ്ട ആവശ്യമില്ല. ദൈവം തന്റെ ഭക്തന്മാരുടെ വിഷയങ്ങളിന്മേൽ മൗനമായിരിക്കുന്ന ദൈവമല്ല. തക്കസമയത്ത് ദൈവം നമുക്ക് വേണ്ടി കല്പിക്കും. നമുക്ക് വേണ്ടി അരുളിചെയ്യുകയും ചെയ്യും. ദൈവം പണ്ട് മുതലേ തന്റെ ഭക്തന്മാരോടും തന്റെ ഭക്തന്മാർക്ക് വേണ്ടിയും അരുളിച്ചെയ്ത അരുളപ്പാടുകൾ നമുക്ക് ധൈര്യവും പ്രചോദനവും നൽകുന്നത് കൊണ്ട് ഭാരപ്പെടുകയോ, നിരാശപ്പെടുകയോ വേണ്ട. ശരീരത്തെ ബാധിച്ചിരിക്കുന്ന രോഗങ്ങൾ ദൈവം ഒരു വാക്ക് കല്പിച്ചാൽ മാറിപ്പോകും. ദൈവജനങ്ങളുടെ മുൻപിൽ നിൽക്കുന്ന പർവ്വതസമാനമായ പ്രശ്നങ്ങൾ ഒരു നിമിഷം കൊണ്ട് ദൈവം കല്പിച്ചാൽ നീങ്ങി പോകും. മനുഷ്യന്റെ വാക്കുകളെക്കാൾ അനേകമടങ്ങ് ശക്തമാണ് ദൈവത്തിന്റെ വചനങ്ങൾ. വിശുദ്ധ വേദപുസ്തകം ദൈവത്തിന്റെ അരുളപ്പാടുകളും കല്പനകൾ കൊണ്ടും നിറഞ്ഞ വിശുദ്ധ ഗ്രന്ഥമാണെന്ന് വിശ്വസിക്കുവാൻ ദൈവം നമുക്ക് ഭാഗ്യം നൽകിയതിനാൽ നാം ഭാഗ്യവാന്മാർ തന്നെയാണ്. ദൈവത്തിലും ദൈവവചനത്തിലും വിശ്വസിച്ചു ധൈര്യപ്പെടാം.